ആശാനേ...പിള്ളേര് പൊളിയാ...!ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഡബ്ൾ എൻജിനുകളായ ഇരട്ട സഹോദരങ്ങൾ
text_fieldsബംഗളൂരു: ‘കഴിഞ്ഞിട്ടില്ല രാമാ... ഒന്നൂടെയുണ്ട് ബാക്കി...’ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ഹിറ്റായ റീൽസിലെ കമന്റാണിത്. ഐ.എസ്.എൽ ഉദ്ഘാടനമത്സരത്തിൽ ബംഗളൂരു എഫ്.സിയെ കൊച്ചിയിൽവെച്ച് 2-1 ന് തോൽപിച്ചതിനുശേഷം ഗ്രൗണ്ട് വിടുമ്പോൾ മുഹമ്മദ് അയ്മന്റേതായിരുന്നു ഈ വാക്കുകൾ. കണ്ഠീരവയിൽ ബംഗളൂരുവുമായുള്ള പോര് ബാക്കിയുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു ഇത്. മോഹൻ ബഗാനെതിരെ കൊൽക്കത്തയിൽ നേടിയ ത്രില്ലർ ജയത്തിനുശേഷവും ഈ റീൽസ് സമൂഹമാധ്യമങ്ങളിൽ കറങ്ങുകയാണ്; കൊച്ചിയിൽ ബഗാനുമായുള്ള മത്സരത്തെ ഓർമപ്പെടുത്തി.
കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ സെൻസേഷൻ താരങ്ങളാണ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും. 20 വയസ്സുള്ള ഇരുവരും ഭാവിയിൽ മധ്യനിരയിലെ സ്ഥിരം ഇരട്ട എൻജിനായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. അതിന്റെ സാമ്പ്ൾ വെടിക്കെട്ടാണ് മോഹൻ ബഗാനെതിരായ മത്സരത്തിൽ കണ്ടത്. മഞ്ഞക്കുപ്പായം സ്വപ്നംകണ്ട ‘ലോക്കൽ ബോയ്സ്’ ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളർന്ന് സീനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുന്നുവെന്നത് ഐ.എസ്.എല്ലിൽ പന്തുതട്ടാനാഗ്രഹിക്കുന്ന കേരളത്തിലെ കൗമാരതാരങ്ങൾക്ക് പ്രതീക്ഷയും പ്രചോദനവുമാണ്. മധ്യനിരയിലെ പ്ലേമേക്കർ റോളിലേക്ക് ഉയരുന്ന വിപിൻ മോഹൻ, മഞ്ഞക്കുപ്പായത്തിലെ നമ്പർ വൺ ഗോൾകീപ്പർ സച്ചിൻ സുരേഷ്, ബഗാനെതിരെ അരങ്ങേറ്റംകുറിച്ച യോഹിംബ മെയ്തേയ് എന്നിവരും ബ്ലാസ്റ്റേഴ്സ് അക്കാദമി താരങ്ങളാണ്.
ഐ.എസ്.എല്ലിൽ സഹോദരങ്ങൾ വിവിധ ടീമുകൾക്കായി മത്സരിക്കുന്നത് പുതുമയല്ല. കേരള ബ്ലാസ്റ്റേഴ്സിലെ പ്രതിരോധ താരമായ സന്ദീപ് സിങ്ങിന്റെ സഹോദരൻ ദിനേശ് സിങ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനായി ഐ.എസ്.എല്ലിൽ പന്തുതട്ടുന്നുണ്ട്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഇരുവരും ഇരുടീമിലായി 90 മിനിറ്റും കളത്തിലുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിൽ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗില്ലും സഹോദരൻ ഗുർസിമ്രത് സിങ് ഗില്ലും സഹോദരങ്ങളായുണ്ട്. പ്രതിരോധതാരമായ ഗുർസിമ്രത് ഗില്ലിന് ഇതുവരെ പകരക്കാരനായിപോലും കളത്തിലിറങ്ങാനായിട്ടില്ലെന്നു മാത്രം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ടീമിനായി ഒന്നിച്ചു കളത്തിലിറങ്ങുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോഡ് അയ്മനും അസ്ഹറിനുമുള്ളതാണ്. സഹൽ അബ്ദുൽ സമദ് മഞ്ഞക്കുപ്പായത്തിൽനിന്ന് കൂടൊഴിഞ്ഞപ്പോൾ ലെഫ്റ്റ് വിങ്ങിൽ 19ാം നമ്പറുകാരനായ അയ്മനാണ് ഇപ്പോൾ സ്ഥാനം. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളിലും കളത്തിലിറങ്ങിയ അയ്മൻ ഏഴു മത്സരങ്ങളിൽ ആദ്യ ഇലവനിൽത്തന്നെ ബൂട്ടുകെട്ടി. 32ാം ജഴ്സി നമ്പറുകാരനായ അസ്ഹർ ഇതിനകം ഏഴു കളികളിൽ ഇറങ്ങി; രണ്ടു കളിയിൽ ആദ്യ ഇലവനിലും. ലക്ഷദ്വീപിൽനിന്ന് ഐ.എസ്.എല്ലിൽ വരവറിയിച്ച ആദ്യ താരങ്ങളാണിരുവരും. 2016 ഡിസംബറിൽ കൊച്ചിയിൽ നടന്ന ഐ.എസ്.എൽ ഫൈനൽ ഉദ്ഘാടന ചടങ്ങിൽ ട്രോഫിയുമായി സ്റ്റേഡിയത്തിലേക്കെത്തിയ ബോയ്സ്, ഇക്കുറി കളിക്കാരായി അതേ കിരീടമുയർത്തുന്ന മുഹൂർത്തത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.