ഭാവിയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ...; മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പട്ടികയിൽ ഇന്ത്യൻ യുവബാറ്ററും
text_fieldsലണ്ടൻ: ഭാവിയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളാകാൻ സാധ്യതയുള്ള രണ്ട് യുവതാരങ്ങളെ തെരഞ്ഞെടുത്ത് മുൻ ഇംഗ്ലീഷ് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പുറത്തുവിട്ട വിഡിയോയിലാണ് നാസർ ഹുസൈന്റെ പ്രവചനം. ഇന്ത്യൻ യുവ ഓപണർ ശുഭ്മൻ ഗിൽ, ന്യൂസിലാൻഡിന്റെ ലോകകപ്പ് ഹീറോ രചിൻ രവീന്ദ്ര എന്നിവരെയാണ് ഇംഗ്ലീഷുകാരൻ തെരഞ്ഞെടുത്തത്. 2023ൽ ഇന്ത്യൻ താരത്തിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയ നാസർ ഹുസൈൻ, ഗിൽ മികച്ച പ്രതിഭയാണെന്നും വരും വർഷങ്ങളിൽ ഇന്ത്യയുടെ സെൻസേഷൻ ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടു. 2024ൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയും നാസർ ഹുസൈൻ പങ്കുവെച്ചു.
2023ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഗിൽ. 47 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നായി 48.31 റൺസ് ശരാശരിയിൽ ഗിൽ 2,126 റൺസാണ് നേടിയത്. ഏഴ് സെഞ്ച്വറിയും 10 അർധസെഞ്ച്വറിയും ഉൾപ്പെടെയാണിത്. ആറ് ടെസ്റ്റിൽ 28.66 ശരാശരിയിൽ ഒരു സെഞ്ച്വറിയടക്കം 258 റൺസ് നേടിയപ്പോൾ 29 ഏകദിനങ്ങളിൽ 63.36 ശരാശരിയിൽ 1584 റൺസാണ് അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ അഞ്ച് സെഞ്ച്വറിയും ഒമ്പത് അർധസെഞ്ച്വറിയും നേടി. 13 ട്വന്റി 20 ഇന്നിങ്സുകളിൽനിന്ന് ഒരു സെഞ്ച്വറിയടക്കം 312 റൺസും ഗിൽ നേടിയിട്ടുണ്ട്.
കഴിഞ്ഞ ഏകദിന ലോകകപ്പിൽ 10 മത്സരങ്ങളിൽ 106.44 റൺസ് ശരാശരിയിൽ 578 റൺസാണ് ന്യൂസിലാൻഡുകാരൻ രചിൻ രവീന്ദ്ര സ്വന്തമാക്കിയത്. ഈ വർഷം 37 അന്താരാഷ്ട്ര മത്സരങ്ങളിൽ 36.44 ശരാശരിയിൽ 911 റൺസാണ് നേടിയത്. 23 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.