ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നാളെ രാത്രി എട്ട് മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും
text_fieldsതിരുവനന്തപുരം: ഞായറാഴ്ച രാത്രി എട്ട് മണി മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറു വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂവെന്നാണ് നിലപാട്.
ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സർക്കാർ നിയമ നിർമാണം നടത്തിയതുപോലെ പമ്പുകളെ സംരക്ഷിക്കാനും നിയമ നിർമാണം നടത്തണമെന്നാണ് സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യം. പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവായ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്.
പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് സർക്കാർ നിർദേശം. ഇങ്ങനെ ഇന്ധനം നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാനെത്തുന്നവർ പ്രശ്നമുണ്ടാക്കുന്നത് പതിവാണെന്നാണ് പരാതി. സംസ്ഥാനത്ത് രണ്ടായിരത്തോളം പെട്രോൾ പമ്പുകളാളുള്ളത്.
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്തിടെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ചുള്ള മോഷണവും ആക്രമണങ്ങളും വർധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ആഘോഷത്തിലേർപ്പെടുന്നവർക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കെ.എസ്.ആർ.ടി.സി പമ്പുകൾ പ്രവർത്തിക്കും
തിരുവനന്തപുരം: സ്വകാര്യ പെട്രോൾ പമ്പുകൾ പണിമുടക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ 14 പമ്പുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.