സമാധാനത്തിന്റെ പുതുവർഷത്തിനുവേണ്ടി
text_fieldsയുക്രെയ്നിലെയും ഫലസ്തീനിലെയും യുദ്ധങ്ങളുടെ നിണച്ചാലുകളിലൂടെയാണ് ഇക്കുറി പുതിയ വർഷം കടന്നുവരുന്നത്. ഇരുപതാം നൂറ്റാണ്ട് പരിഹരിക്കാതെ ബാക്കിവെച്ച പഴയ വൈരങ്ങളും അധിനിവേശങ്ങളുമാണ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ പുതിയ സഹസ്രാബ്ദത്തെയും സംഘർഷഭരിതമാക്കുന്നത്. സമാധാനം എന്നത് ആഗോളതലത്തിൽ അപ്രാപ്യമാവുകയും യുദ്ധങ്ങൾക്ക് ചീർ ലീഡേഴ്സാകാൻ തയാറായി പുതിയൊരു ആഗോള വലതുപക്ഷം ശക്തിപ്രാപിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പുതുവത്സരത്തെ ഏറ്റവും ദുഃഖഭരിതമാക്കുന്നത്.
ഞാൻ ഭൗതികമായ ചരിത്രാവസ്ഥകളെ പരിഗണിക്കാത്ത അഹിംസാവാദിയല്ല. അതുകൊണ്ടുതന്നെ കേവലമായ ഏതെങ്കിലും ആഗോള സമാധാന മുദ്രാവാക്യത്തിലേക്കു ചുരുക്കാൻ കഴിയുന്നതിനേക്കാൾ സങ്കീർണമാണ് സംഘർഷങ്ങളുടെ പിന്നിലെ രാഷ്ട്രീയം എന്ന കാര്യം വിസ്മരിക്കുന്നുമില്ല. നമുക്ക് കൃത്യമായി കാരണങ്ങൾ അറിയാവുന്ന സംഘർഷങ്ങളിൽ നിലപാടുകൾ ഉറപ്പിച്ചുപറഞ്ഞുകൊണ്ടു മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്നാണെന്റെ വിശ്വാസം.
2022 ഫെബ്രുവരി 24നു റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ അത് ചടുലമായി അവസാനിക്കും എന്ന പ്രതീതിയാണ് പൊതുവിൽ ഉണ്ടായിരുന്നത്. എന്നാൽ, ഞാൻ ഈ പംക്തിയിൽ ആ ആഴ്ചയിൽതന്നെ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘മറ്റൊരു ദീർഘയുദ്ധത്തിന്റെ മഞ്ഞുകാലത്തിലേക്ക്’ എന്നായിരുന്നു. ആ യുദ്ധം ഇപ്പോൾ 677 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഗസ്സയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഇസ്രായേൽ അധിനിവേശത്തിന്റെയും അക്രമങ്ങളുടെയും തിരിച്ചടിയായി ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ നടത്തുന്ന പൈശാചികമായ കൂട്ടക്കൊലകൾ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് മൂന്നാം മാസവും തുടരുകയാണ്.
ഇസ്രായേലി ചാരസംവിധാനങ്ങളെയും പ്രതിരോധസംവിധാനത്തെയും തളർത്തിയ ഹമാസ് ആക്രമണത്തിനുശേഷം ഹമാസിനെ ഉടൻ ഇല്ലാതാക്കും എന്ന പേരിലാണ് ഇസ്രായേൽ യുദ്ധത്തിനിറങ്ങിയത്. എന്നാൽ, 25,000ത്തിലധികം സാധാരണക്കാരെ കൊന്നൊടുക്കിയിട്ടും ഗസ്സയിലെ 70 ശതമാനം വീടുകളും നശിപ്പിച്ചിട്ടും ലക്ഷ്യം കാണാനാവാതെ പതറുകയാണ് ഇസ്രായേൽ. ഈ യുദ്ധം എല്ലാ നൈതികപരിധികളും ലംഘിക്കുന്ന മൃത്യുതൃഷ്ണയുടെ ഏറ്റവും അധഃപതിച്ച മുഖമാണ് കാട്ടിത്തരുന്നത്.
സാമ്രാജ്യത്വത്തിന്റെ മൃത്യുരാഷ്ട്രീയം
ആധുനിക ജിയോപൊളിറ്റിക്സിന്റെ മണ്ഡലത്തിൽ, യുക്രെയ്നിലെയും ഫലസ്തീനിലെയും യുദ്ധങ്ങൾ സാമ്രാജ്യത്വ അധിനിവേശം തിരികൊളുത്തുന്ന സംഘട്ടനങ്ങൾ വരുത്തുന്ന നാശത്തിന്റെ വ്യക്തമായ ഓർമപ്പെടുത്തലുകളായി നിലകൊള്ളുന്നു. ഈ യുദ്ധങ്ങൾക്കു പിന്നിലെ സാമ്രാജ്യത്വ മൃത്യുരാഷ്ട്രീയം ഞാൻ മുമ്പുതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സിവിലിയൻ ജനതക്ക്, വിശേഷിച്ച് പലായനംതന്നെ അപകടകരമാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും, ഈ യുദ്ധങ്ങൾ സൃഷ്ടിച്ചിട്ടുള്ള വിപത്തുകൾ വിവരണാതീതമാണ്.
സംഘർഷങ്ങളിലെ ആദ്യത്തേതും പ്രധാനവുമായ ആശങ്ക മരിച്ചുവീഴുന്ന മനുഷ്യരുടെ എണ്ണംതന്നെയാണ്. ഇസ്രായേലിന്റെ അധിനിവേശ യുദ്ധങ്ങൾ മുൻകാലങ്ങളിലും തലമുറകളിലേക്കു നിലനിൽക്കുന്ന ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട്. നഖ്ബയെത്തുടർന്നു 1948ൽ ചിതറിപ്പോയ ഫലസ്തീൻ കുടുംബങ്ങൾക്ക് ഒന്നിച്ചുചേരാൻപോലും കഴിയാത്ത ദുരവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. സ്ത്രീകളും കുട്ടികളും ദുർബലരായ വ്യക്തികളും കൂട്ടങ്ങളും കരുണാരഹിതമായ സാമ്രാജ്യത്വ യുദ്ധയന്ത്രത്തിന്റെ ഇരകളായിത്തീരുന്ന ദുഃസ്ഥിതിയാണ് അവിടെ എപ്പോഴും നിലനിന്നിരുന്നത്. ഇന്നത്തെ ദുരവസ്ഥയാവട്ടെ, ഒരു മാനുഷിക പ്രതിസന്ധി മാത്രമല്ല, അത് ആഗോള നേതൃത്വങ്ങളുടെ കൃത്യമായ രാഷ്ട്രീയ പരാജയമാണ്, അല്ലെങ്കിൽ അവരുടെ രാഷ്ട്രീയ ഇടപെടലുകളിലൂടെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്.
രാഷ്ട്രീയ ശത്രുതകൾക്ക് സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്നിരിക്കെ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ മാനിക്കുന്നതിൽ ഇസ്രായേൽ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ കാണിക്കുന്ന അവഗണന ഞെട്ടിപ്പിക്കുന്നതാണ്. പടർന്നുപിടിക്കുന്ന യുദ്ധക്കൊതികൾ, ആഗോള സമാധാനത്തിൽ അമേരിക്കയുടെ ആയുധവ്യാപാരത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. റഷ്യൻ അയൽപക്കങ്ങളിലേക്കു നുഴഞ്ഞുകയറാനുള്ള നാറ്റോയുടെ ശ്രമം സൃഷ്ടിച്ച സംഘർഷമാണ് ഒടുവിൽ അപരിഷ്കൃതമായൊരു നിലക്കാത്ത യുദ്ധമായി യുക്രെയ്നിനെ ചോരയിൽ മുക്കുന്നത്.
ഇസ്രായേലിന്റെ അധിനിവേശവും അത് ഫലസ്തീനിൽ സൃഷ്ടിച്ച അപമാനവീകരണങ്ങളും ലോകചരിത്രത്തിൽ ഏറ്റവും നിന്ദ്യമായ അധ്യായമാണ് എഴുതിച്ചേർത്തിട്ടുള്ളത്. സംഘർഷങ്ങൾ തടയുന്നതിലും പരിഹരിക്കുന്നതിലും അന്താരാഷ്ട്ര സംവിധാനങ്ങൾ അപര്യാപ്തമാകുന്നു എന്നത് ഇപ്പോൾ പകൽപോലെ വ്യക്തമാണ്. യു.എൻ പ്രമേയങ്ങൾ പാടെ അവഗണിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ പറയുന്നവർ ഹമാസിന്റെ ബന്ധുക്കളാണ് എന്ന് ചാപ്പകുത്തുകയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെപ്പോലും തിരസ്കരിക്കുകയുമാണ് നെതന്യാഹു ചെയ്യുന്നത്. ഈ നൈതികവിരുദ്ധ നിലപാടിനാണ് അമേരിക്ക നിരന്തരം പിന്തുണ പ്രഖ്യാപിക്കുന്നത്. ആ ചോരക്കൊതിക്കാണ് ആയുധവും അർഥവും നൽകി പ്രോത്സാഹനം നൽകുന്നത്.
യു.എൻ പ്രമേയങ്ങളോടുള്ള ചില ലോകനേതാക്കളുടെ പ്രകടമായ അവഗണനയാണ് ഇപ്പോഴത്തെ സംഘർഷങ്ങളുടെ ഒരു പ്രധാന സവിശേഷത. സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായതാണ് ഐക്യരാഷ്ട്രസഭ. സംഘർഷപരിഹാരത്തെക്കുറിച്ചുള്ള യു.എൻ പ്രമേയങ്ങൾ ശക്തരായ അംഗരാജ്യങ്ങൾ അവഗണിക്കുന്നു, അല്ലെങ്കിൽ വീറ്റോ ചെയ്യുന്നു. ഇത് യു.എൻ അധികാരത്തെയും ആ സംവിധാനത്തിന്റെ ഫലപ്രാപ്തിയെത്തന്നെയും ദുർബലപ്പെടുത്തുന്നു. യുക്രെയ്നിലും ഫലസ്തീനിലുമുള്ളതുപോലുള്ള സംഘർഷങ്ങൾ നിലനിൽക്കാനും വർധിക്കാനും അനുവദിക്കുന്നത് ആഗോള സംവിധാനങ്ങളോടുള്ള ഈ നിസ്സാരതാ സമീപനമാണ്. സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവില്ലായ്മയും അധികാര അസന്തുലിതാവസ്ഥയും നയതന്ത്രം ഒരു സമീപനം എന്നതരത്തിൽ പരിപൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെകൂടി സൂചനയാണ്.
ആഗോള ആയുധക്കച്ചവടത്തിലെ പ്രധാന പങ്കാളിയെന്ന നിലയിൽ അമേരിക്ക അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. ആയുധ വിൽപന സംബന്ധിച്ച അതിന്റെ നയങ്ങൾ ലോകമെമ്പാടുമുള്ള സംഘട്ടനങ്ങൾ വർധിപ്പിക്കുന്നതിന് കാരണമായതിന് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. ദേശീയ സുരക്ഷാ താൽപര്യങ്ങൾ പലപ്പോഴും ഈ ആയുധ വിൽപനയെ നയിക്കുന്നുണ്ടെങ്കിലും, അവയുടെ ആഗോള പ്രത്യാഘാതങ്ങൾ അവഗണിക്കാനാവില്ല. അന്താരാഷ്ട്ര സമാധാനത്തിലും സുസ്ഥിരതയിലും ആയുധവ്യാപാര നയങ്ങളുടെ വിശാലമായ അനന്തരഫലങ്ങൾ പരിഗണിക്കാനുള്ള ഉത്തരവാദിത്തം ഒരുകാലത്തും അമേരിക്ക കാണിച്ചിട്ടില്ല.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന മരണത്തിന്റെ മൊത്തവ്യാപാരിയാണ് അമേരിക്ക. 2022 സാമ്പത്തിക വർഷത്തിൽ, വിദേശ സർക്കാറുകൾക്കുള്ള യു.എസ് സൈനിക ഉപകരണങ്ങളുടെ വിൽപന ഗണ്യമായി ഉയർന്നു. മുൻ സാമ്പത്തികവർഷത്തേക്കാൾ 49 ശതമാനം വർധനയാണ് അമേരിക്കൻ ആയുധവിൽപനയിൽ ഉണ്ടായത്. ആഗോള ആയുധവിപണിയിൽ നിർണായക മാറ്റങ്ങളാണ് ഈ അടുത്ത കാലത്തു സംഭവിച്ചത്. 2018നും 2022നും ഇടയിൽ, ആഗോള ആയുധ കയറ്റുമതിയുടെ 40 ശതമാനവും അമേരിക്കയാണ് കൈയടക്കിയത്.
കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയിൽനിന്നുള്ള 33 ശതമാനം വർധനയാണ് ഇത് കാണിക്കുന്നതത്രെ. യൂറോപ്പിലെ ആയുധ ഇറക്കുമതിയിൽ ഇതേ കാലയളവിൽ 47 ശതമാനം വർധനയുണ്ടായി. യു.എസ് സാമ്രാജ്യത്വത്തിന്റെ ആയുധ വ്യാപാരം ആഗോള സുരക്ഷക്കും ലോകജനതയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും ഉയർത്തുന്ന ഭീഷണി നിസ്സാരമല്ല എന്നതിന്റെ ഉദാഹരണമാണ് ഈ കണക്കുകളെന്ന് വിലയിരുത്താൻ കഴിയും.
സമാധാനത്തിനായുള്ള നൈതിക നേതൃത്വം
യുക്രെയ്നിലെയും ഫലസ്തീനിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും നിരപരാധികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ശക്തമായ നൈതിക നേതൃത്വവും യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളും ആവശ്യമാണ്. ലോകനേതാക്കൾ ജിയോപൊളിറ്റിക്കൽ താൽപര്യങ്ങളെക്കാൾ മാനുഷിക ആശങ്കകൾക്ക് മുൻഗണന നൽകുകയും സംഘർഷ പരിഹാരത്തിനുള്ള അടിസ്ഥാനമായി യു.എൻ പ്രമേയങ്ങൾ പാലിക്കുകയും വേണം. സിവിലിയന്മാരെ സംരക്ഷിക്കുന്നതിൽ ഊന്നൽ നൽകിക്കൊണ്ട് നയതന്ത്രത്തിനും സമാധാനപരമായ ചർച്ചകൾക്കും ഒരു പുതിയ പ്രതിബദ്ധത അടിയന്തരമായി ആവശ്യമാണ്.
മറ്റൊരുതരത്തിൽ ചിന്തിച്ചാൽ, ഈ വെല്ലുവിളികൾ ആഗോള സമൂഹത്തിന് സമാധാനം, നീതി, നിരപരാധികളുടെ സംരക്ഷണം എന്നിവക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരവും നൽകുന്നുണ്ട്. രാഷ്ട്രീയ മുൻഗണനകളിൽ- അധികാരത്തിൽനിന്നും ലാഭത്തിൽനിന്നും സമാധാനത്തിലേക്കും മാനുഷിക അന്തസ്സിലേക്കും മാറാനുള്ള ആഹ്വാനമാണിത്. കൂട്ടായ ഉത്തരവാദിത്തം, ധാർമികനേതൃത്വം, അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ മാത്രമേ ഈ യുദ്ധങ്ങൾ അവസാനിപ്പിക്കാനും എല്ലാവർക്കും കൂടുതൽ നീതിയും സമാധാനപൂർണമായ ഭാവിയും ഉറപ്പാക്കാനും കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.