മണിപ്പൂർ വീണ്ടും സംഘർഷഭരിതം; നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ വിവിധയിടങ്ങളിൽ കർഫ്യൂ
text_fieldsഇംഫാൽ: ഒരു ഇടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ. തൗബാൽ ജില്ലയിൽ വെടിവെപ്പിൽ നാല് പേർ മരിച്ചതിന് പിന്നാലെ തൗബാൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപുർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷം പടരാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സുരക്ഷാസേന.
തിങ്കളാഴ്ച വൈകീട്ട് തൗബാൽ ജില്ലയിലെ ലിലോങ് ചിങ്ജാവോ പ്രദേശത്താണ് മുഖംമൂടി ധരിച്ച അജ്ഞാതൻ നാട്ടുകാർക്കെതിരെ വെടിയുതിർത്തത്. നാല് വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയാണ് അക്രമികൾ വെടിയുതിർത്തത്. നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കി. ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി എൻ. ബൈരൻ സിങ്, ലിലോങ് വാസികളോട് സമാധാനത്തിന് ആഹ്വാനം ചെയ്തു. ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, സർക്കാർ ഓഫിസുകൾ, മാധ്യമങ്ങൾ, കോടതികളുടെ പ്രവർത്തനം തുടങ്ങിയ അവശ്യ സേവനങ്ങളെ കർഫ്യൂവിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയ് മൂന്നിന് വംശീയ കലാപം ആരംഭിച്ചതിനുശേഷം 180ലധികം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 30ന് കാങ്പോക്പി ജില്ലയിൽ കുക്കികളും മെയ്തേയികളും തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഘർഷം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാൻ വാഹന പരിശോധന ഉൾപ്പെടെ കർശനമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.