ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് ടെസ്റ്റ് ബാറ്റർമാരെ തെരഞ്ഞെടുത്ത് വെങ്കടേഷ് പ്രസാദ്
text_fieldsടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച അഞ്ച് ബാറ്റർമാരെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ്. സുനിൽ ഗവാസ്കർ, സചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, വിരാട് കോഹ്‍ലി എന്നിവരാണ് പ്രസാദിന്റെ പട്ടികയിലുള്ളത്. സമൂഹ മാധ്യമത്തിൽ ഒരു ക്രിക്കറ്റ് ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രസാദ് പേരുകൾ വെളിപ്പെടുത്തിയത്. ‘സണ്ണി ജി, സചിൻ, രാഹുൽ, വീരു, വിരാട്’ എന്നിങ്ങനെയായിരുന്നു പ്രസാദിന്റെ മറുപടി. എന്നാൽ, പട്ടികക്കെതിരെ സമ്മിശ്ര പ്രതികരണമാണ്. വി.വി.എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരെ ഉൾപ്പെടുത്താത്തതിനെ ചിലർ ചോദ്യം ചെയ്യുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ് പ്രസാദ്. ടീം തെരഞ്ഞെടുപ്പിനെയും താരങ്ങളുടെ പ്രകടനത്തെയും വിമർശിക്കാനും അഭിനന്ദിക്കാനും അദ്ദേഹം ഒരു മടിയും കാണിക്കാറില്ല. സംസ്ഥാന നിയമസഭകളിലേക്ക് അടുത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനിടെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരം ഉറപ്പിച്ച ബി.ജെ.പിക്ക് അഭിനന്ദനവുമായി പ്രസാദ് രംഗത്തെത്തിയിരുന്നു.
സനാതന ധർമം ദുരുപയോഗം ചെയ്താൽ അതിന്റെ അനന്തരഫലം ഉണ്ടാകുമെന്ന് സമൂഹ മാധ്യമമായ എക്സിൽ കുറിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അദ്ഭുതകരമായ നേതൃത്വത്തിന്റെയും താഴെത്തട്ടിൽ പാർട്ടി കേഡർമാർ നടത്തിയ മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും കൂട്ടിച്ചേർത്തു. ‘സനാതന ധർമം ദുരുപയോഗം ചെയ്താൽ അതിന്റെ അനന്തരഫലം ഉണ്ടാകും. വൻ വിജയം നേടിയ ബി.ജെ.പിക്ക് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അദ്ഭുതകരമായ നേതൃത്വത്തിന്റെയും താഴെത്തട്ടിൽ പാർട്ടി കേഡർമാർ നടത്തിയ മഹത്തായ പ്രവർത്തനത്തിന്റെയും മറ്റൊരു സാക്ഷ്യമാണിത്’ -പ്രസാദ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.