മറഡോണ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്
text_fieldsദുബൈ: അർജന്റീനൻ ഇതിഹാസം ഡീഗോ മറഡോണയുടെ പേരിലുള്ള ദുബൈ ഗ്ലോബ് സോക്കറിന്റെ 2023ലെ മറഡോണ പുരസ്കാരം അൽ നസ്റിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. 2023 ൽ ഏറ്റവും കൂടുതൽ ഗോളടിച്ചത് കണക്കിലെടുത്താണ് ക്രിസ്റ്റ്യാനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയും ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയ്നിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പുരസ്കാരം സ്വന്തമാക്കിയത്.
59 മത്സരങ്ങളിൽ നിന്ന് 54 ഗോളുകളാണ് ക്രിസ്റ്റ്യാനോ കഴിഞ്ഞ വർഷം നേടിയത്. കിലിയൻ എംബാപ്പെ 53 മത്സരങ്ങളിൽ നിന്ന് 52ഗോളുകളും ഹാരി കെയ്ൻ 57 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളും നേടി. ജനുവരി 19ന് ദുബൈ പാം ജുമൈറയിൽ ദി അറ്റ്ലാൻഡിസിൽ അവാർഡ് കൈമാറും.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്കാരം അഞ്ച് തവണ നേടിയ 38കാരൻ 837 ഗോളുകളാണ് കരിയറിൽ അടിച്ചുകൂട്ടിയത്. 2023ൽ അല്‍ നസറിനായി 50 മത്സരത്തില്‍ നിന്ന് 44 ഗോളുകളാണ് നേടിയത്. പോർചുഗലിനായി 10 ഗോളുകളും നേടി. അതേസമയം, സൗദി പ്രൊ ലീഗിലെ പ്ലയർ ഓഫ് മന്ത്(ഡിസംബർ) പുരസ്കാരവും റൊണാൾഡോ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.