ഉയർന്നു പറക്കാൻ ഗ്രീൻ ഫാൽക്കൺ
text_fieldsദോഹ: 2022 നവംബർ 22ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ സംഭവിച്ച അട്ടിമറിയിലൂടെയാവും സൗദി അറേബ്യയെന്ന ഏഷ്യൻ ഫുട്ബാൾ പവറിനെ ലോകം ഇനിയുള്ള കാലം അടയാളപ്പെടുത്തുക. മുഹമ്മദ് അലി ദാഇയും സമി അൽ ജാബിറും സൗദ് കരിരിയും ഉൾപ്പെടെ ഒരുപിടി ഇതിഹാസ താരങ്ങളെ സംഭാവന ചെയ്തവരാണ് സൗദിയുടെ മുൻകാല ഫുട്ബാൾ ലോകമെങ്കിലും കഴിഞ്ഞ ലോകകപ്പിൽ അർജൻറീനക്കെതിരെ നേടിയ അട്ടിമറി ജയം അവരെ കാൽപന്ത് ചരിത്രത്തിൽ കൂടുതൽ മികവോടെ അടയാളപ്പെടുത്താൻ പോന്നതായിരുന്നു. ആ തോൽവി അർജൻറീനക്ക് കിരീടയാത്രയിലേക്കുള്ള പുത്തൻ ഊർജവും സൗദി അറേബ്യക്ക് പുതു ഫുട്ബാൾ വിപ്ലവത്തിലേക്കുള്ള പച്ചപ്പുമായി മാറിയെന്നത് സത്യം.
ഒരു വർഷത്തിനിപ്പുറം ഖത്തറിൽ ഏഷ്യൻ കപ്പ് ഫുട്ബാളിന് പന്തുരുളുേമ്പാൾ സൗദിയും ഏഷ്യൻ ഫുട്ബാളും ഏറെ മാറിക്കഴിഞ്ഞു. ദേശീയ താരങ്ങളും ഏഷ്യൻ താരങ്ങളുമായി ശരാശരി നിലവാരത്തിൽ പോയിരുന്നു സൗദി പ്രോ ലീഗ് എന്ന ആഭ്യന്തര ക്ലബ് ഫുട്ബാൾ ലീഗ് ഇന്ന് യൂറോപ്യൻ ക്ലബ് പോരാട്ടങ്ങളെ വെല്ലുന്ന മികവിലേക്കുയർന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കരിം ബെൻസേമ, സാദിയോ മാനെ തുടങ്ങിയ ലോകോത്തര താരങ്ങൾ കളിച്ചുമെതിക്കുന്ന മണ്ണ് ഇംഗ്ലീഷ്-ഇറ്റാലിയൻ ലീഗുകൾക്കൊപ്പം ആരാധക മനസ്സിലും മുൻനിരയിലുമെത്തി. അതോടൊപ്പം 2034ലോകകപ്പ് ഫുട്ബാളിനുള്ള ആതിഥേയത്വം കൂടിയായതോടെ പുതിയൊരു ഫുട്ബാൾ ഹബായി മാറിയിരിക്കുകയാണ് സൗദി.
കിരീട പ്രതീക്ഷയോടെ
ഒരു വർഷംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾകൊണ്ട് അടയാളപ്പെടുത്തപ്പെട്ട സൗദി വീണ്ടും ഖത്തറിൽ പന്തുതട്ടാനെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഫിഫ റാങ്കിങ്ങിൽ 56ഉം ഏഷ്യൻ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനവുമായി കോച്ച് റോബർട്ടോ മാൻസീനിക്കു കീഴിലാണ് ‘ഗ്രീൻ ഫാൽകൺസ്’ ഏഷ്യൻ കപ്പിലെത്തുന്നത്. ഇതിനകം മൂന്നു തവണ വൻകര കിരീടം ചൂടിയവർക്ക് 1996ന് ശേഷം ഇതുവരെ കപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. അവസാന കിരീട നേട്ടത്തിനു ശേഷം രണ്ടു തവണ ഫൈനലിസ്റ്റുകളായി. 2011ലും 2015ലും ഗ്രൂപ്പ് റൗണ്ടിൽ മടങ്ങി. ഏറ്റവും ഒടുവിൽ പ്രീക്വാർട്ടറിലും മടങ്ങി. എന്നാൽ, ഇത്തവണ മാറിവരുന്ന സൗദിക്ക് കിരീട പ്രതീക്ഷ നൽകുന്ന ഒരു പിടി ആരാധകരുണ്ട്.
സ്വപ്നം, അത്ര സിംപിളല്ല
സൗദി ഫുട്ബാൾ നിലവരാമുയർത്തുന്നുവെന്ന് വിശകലനം ചെയ്യപ്പെടുമ്പോഴും ജപ്പാനും ദക്ഷിണ കൊറിയയും ആസ്ട്രേലിയയും ഉൾപ്പെടെ പവർഹൗസുകൾക്കിടയിൽ കിരീടം എളുപ്പമല്ലെന്ന വിലയിരുത്തലാണ് ഏറെയും. ലോകകപ്പിനു പിന്നാലെ, കഴിഞ്ഞ വർഷത്തെ മാച്ച് സ്റ്റാറ്റിസ്റ്റിക്സ് തന്നെ അതിന് സാക്ഷ്യം പറയുന്നു. ഗൾഫ് കപ്പും നിരവധി സൗഹൃദങ്ങളും കളിച്ചിട്ടും വമ്പൻ തോൽവികളാണ് ടീം നേരിട്ടത്. കഴിഞ്ഞ വർഷം 10മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയും കഴിഞ്ഞാൽ ഏഴ് കളിയിലും തോൽവിയായിരുന്നു ഫലം. മാലിയോടും ദക്ഷിണ കൊറിയയോടും കോസ്റ്ററീകയോടും ഉൾപ്പെടെ തോൽവി വഴങ്ങി. അൽ നസ്റിൽ ക്രിസ്റ്റ്യാനോക്കും ഹിലാലിൽ കാലിദു കൗലിബൗലി, അൽ ഇത്തിഹാദിൽ എൻഗോളോ കാന്റെ, കരിം ബെൻസേമ തുടങ്ങിയ ലോകതാരങ്ങൾക്കൊപ്പം കളിക്കുന്ന താരങ്ങളാണ് സൗദിയുടെ ദേശീയ ടീം നിറയെ.
ഏഷ്യൻ െപ്ലയർ ഓഫ് ഇയർ പുരസ്കാരം നേടിയ സാലിം ദൗസരി, മുന്നേറ്റ നിരയിലെ സാലിഹ് അൽ ഷെഹ്രി, അബ്ദുറഹ്മാൻ ഖാരിബ്, പ്രതിരോധ നിരലയിൽ അലി ലജാമി, പരിചയ സമ്പന്നനായ ഫഹദ് അൽ മുവലാദ് എന്നിവരുടെ സംഘമാണ് കോച്ചിന് ആത്മവിശ്വാസം നൽകുന്നത്. തങ്ങളുടെ ദിവസത്തിൽ ഏത് എതിരാളിയെയും വീഴ്ത്താൻ കെൽപുള്ളത് പോലെ തന്നെ, തിരിച്ചടിയിൽ തകരുന്നതും സൗദിയുടെ രീതിയാണ്. കളിക്കളത്തിലെ ഈ അസ്ഥിരതയെ അഴിച്ചുപണിത് ആത്മവിശ്വാസം പകരുകയാണ് കോച്ച് റോബർടോ മാൻസീനിയുടെ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.