രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജനുവരി 22 വരെ റിമാൻഡിൽ; പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ സംഭവത്തിൽ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെ അടൂർ പൊലീസിന്‍റെ സഹായത്തോടെയാണ് കന്‍റോൺമെന്‍റ് എസ്.ഐ ശിവകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) ഹാജരാക്കിയ രാഹുലിനെ ഈ മാസം 22 വരെ റിമാൻഡ് ചെയ്തു.നവകേരള യാത്രക്കിടയിൽ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും -ഡി.വൈ.എഫ്.ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചാണ് രാഹുലിന്‍റെ നേതൃത്വത്തിൽ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമായതോടെ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസന്‍റ് എന്നിവർക്ക് ശേഷം നാലാം പ്രതിയായിരുന്നു രാഹുൽ. ജാമ്യമില്ല വകുപ്പുകൾ പ്രകാരം മൂന്നുകേസുകളാണ് രജിസ്റ്റർ ചെയ്തത്. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതി മുറിയിൽ അരങ്ങേറിയത്. പ്രതിഷേധമല്ല, അക്രമമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ രാഹുലിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്നും പൊലീസുകാരെ ആക്രമിച്ചത് രാഹുൽ അല്ലെന്നും പ്രതിഭാഗം വാദിച്ചു. സമാധാന പ്രതിഷേധത്തിന് പോകുന്നവർ കൈയിൽ പട്ടികകൊണ്ട് പോകുന്നത് എന്തിനെന്നായിരുന്നു മജിസ്ട്രേറ്റിന്‍റെ മറുചോദ്യം.
ന്യൂറോ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രാഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഈ മാസം ആറിനാണ് അദ്ദേഹം ഡിസ്ചാർജ് ആയതെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷൻ വാദിച്ചു. ഇതോടെ ഏറ്റവും അവസാനമെടുത്ത മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വേണം ജാമ്യം പരിഗേണിക്കേണ്ടതെന്നായി പ്രോസിക്യൂഷൻ. ഡിസ്ചാർജ് ആയിട്ടും രാഹുൽ പല പൊതുപരിപാടികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ച കോടതി കൂടുതൽ പരിശോധനകൾക്കായി സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വൈകീട്ട് അഞ്ചോടെ രാഹുലിനെ വീണ്ടും മെഡിക്കൽ പരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. രാഹുലിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിന് നടുവിലൂടെയാണ് രാഹുലിനെ പൊലീസിന് കോടതിക്ക് പുറത്തെത്തിച്ചത്.
ആരോഗ്യ പരിശോധക്ക് ജനറൽ ആശുപത്രിക്ക് ഹാജരാക്കിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കാനുള്ള രാഹുലിന്‍റെ ശ്രമം പൊലീസ് തടഞ്ഞത് പൊലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു. കൂടുതൽ പൊലീസെത്തിയാണ് ജീപ്പ് ആശുപത്രിയിൽനിന്ന് പുറത്തെത്തിച്ചത്. രാത്രി 7.15ഓടെ രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിൽ 31 യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരെ അറസ്റ്റിലായിരുന്നു. ഇവരിൽ 27 പേർ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.