പമ്പയിൽ വീണ്ടും കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
text_fieldsപമ്പ: ശബരിമല തീർഥാടകരുടെ യാത്രക്കായി തയാറാക്കിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിന് തീപിടിച്ചു. പുലർച്ചെ ആറ് മണിയോടെ പമ്പയിലാണ് തീപിടിത്തമുണ്ടായത്. ഹിൽ ടോപ്പിൽ നിന്നും തീർഥാടകരെ കയറ്റാൻ പമ്പ സ്റ്റാൻഡിലേക്ക് വരികയായിരുന്നു ബസ്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. തീപിടിച്ച ഉടൻ തന്നെ ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ജനുവരി ആറിന് മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പമ്പ-നിലക്കൽ ചെയിൻ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിന് തീപിടിച്ചിരുന്നു. പമ്പ ത്രിവേണിയിൽ നിന്ന് തീർഥാടകരെ കയറ്റാനായി മുന്നോട്ടെടുത്ത ബസിന്റെ എൻജിൻ ഭാഗത്തു നിന്ന് പുക ഉയരുകയായിരുന്നു.
ബസിനുള്ളിലേക്കും തീയും പുകയും വ്യാപിച്ചു. തുടർന്ന് പമ്പ അഗ്നിരക്ഷാസേന സംഘമെത്തി തീ അണക്കുകയായിരുന്നു. അന്നത്തെ തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.