'ജനാധിപത്യത്തിന്റെ വിജയം'; സ്പീക്കറുടെ തീരുമാനത്തിന് പിന്നാലെ പ്രതികരിച്ച് ഏക്നാഥ് ഷിൻഡെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എം.എൽ.എമാരുടെ അയോഗ്യത ഉൾപ്പടെയുള്ള വിഷയങ്ങളിൽ സ്പീക്കറുടെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യത്തിൽ ആദ്യമായി അഭിനന്ദിക്കാനുള്ളത് ശിവ സൈനികരെയാണ്. ജനാധിപത്യം ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നു. 2019ൽ ലക്ഷക്കണിക്ക് വോട്ടർമാർ വോട്ട് ചെയ്തത് ബി.ജെ.പി-ശിവസേന സഖ്യത്തിനാണ്. ഇത് ശിവസൈനികരുടെ വിജയമാണ്. ബാലേസാഹേബ് താക്കറെയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ് ശിവസൈനികരെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളാണ് താക്കറെയുടെ യഥാർഥ പിൻഗാമികളെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. ജനാധിപത്യത്തിൽ ഭൂരിപക്ഷമാണ് പ്രധാനം. ശിവസേനയെ ഞങ്ങൾക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയത്. പാർട്ടിയുടെ ചിഹ്നവും അനുവദിച്ചു. സ്പീക്കറുടെ തീരുമാനത്തോടെ ഏകാധിപത്യവും രാജവാഴ്ചയും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയിലെ പിളർപ്പിനു പിന്നാലെ ഇരുപക്ഷവും നൽകിയ അയോഗ്യത ഹരജികൾ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ തള്ളിയിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള കൂറുമാറിയ എം.എൽ.എമാർക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗവും ഉദ്ധവ് പക്ഷത്ത് ശേഷിച്ചവർക്കെതിരെ ഷിൻഡെ പക്ഷവും നൽകിയ ഹരജികളാണ് സ്പീക്കർ തള്ളിയത്.
54 എം.എൽ.എമാർക്കെതിരായ 34 ഹരജികളാണ് വിചാരണക്കൊടുവിൽ തള്ളിയത്. യഥാർഥ ശിവസേന ഷിൻഡെയുടേതാണെന്ന് കണ്ടെത്തിയാണ് വിധി. പാർട്ടി അധ്യക്ഷന് പരമാധികാരം നൽകി 2018ൽ ഭേദഗതിചെയ്ത ശിവസേനയുടെ ഭരണഘടന തള്ളിയ സ്പീക്കർ ദേശീയ എക്സിക്യൂട്ടിവിന് പരമാധികാരം നൽകുന്ന 1999 ലെ ഭരണഘടനയാണ് പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.