രാമക്ഷേത്ര ചടങ്ങിൽ രാഷ്ട്രീയം കലർത്തുന്നു, വിശ്വാസം പ്രകടിപ്പിക്കാൻ ആരുടെയും ക്ഷണം ആവശ്യമില്ല; വിമർശനവുമായി സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: ദ്വിഗ് വിജയ് സിങ്ങിന് പിന്നാലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ ബി.ജെ.പി-വി.എച്ച്.പി ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് രംഗത്ത്. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ രാഷ്ട്രീയം കലർത്തുകയാണെന്നും അത് തെറ്റാണെന്നും സചിൻ പൈലറ്റ് പറഞ്ഞു.
തന്‍റെ വിശ്വാസം പ്രകടിപ്പിക്കാനും ക്ഷേത്രം സന്ദർശിക്കാനും ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് സചിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്ക് തോന്നുമ്പോഴൊക്കെ ക്ഷേത്രത്തിൽ പോകും. ഇതൊരു വൈകാരികവും മതപരവുമായ വിഷയമാണ്. രാഷ്ട്രീയം കലർത്തുന്നത് തെറ്റാണ്.
നല്ല ഹിന്ദു, മോശം ഹിന്ദു എന്ന സർട്ടിഫിക്കറ്റ് നൽകാൻ ബി.ജെ.പിക്ക് കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കും ആരാണ് ഭക്തൻ എന്ന് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ മുതലെടുക്കുന്നത് തെറ്റാണ്. മതം ജനങ്ങളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്.
രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തേണ്ടത്. കർഷക ദാരിദ്ര്യം, സാമ്പത്തിക നയം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കാണണം. ഇന്നത്തെ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില പകുതിയായി കുറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ വില കുറക്കുന്നില്ലെന്നും സചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നാല് ശങ്കരാചാര്യന്മാർ പങ്കെടുക്കാത്ത വിഷയം ഉയർത്തികാട്ടി കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു. ശങ്കരാചാര്യൻമാർ അപമാനിക്കപ്പെട്ടെന്ന് ദ്വിഗ് വിജയ് സിങ് പറഞ്ഞു. വി.എച്ച്.പിക്ക് രാമക്ഷേത്രത്തിന് മേൽ എന്തവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
രാമക്ഷേത്രത്തിനായി ഞങ്ങളും സംഭാവന നൽകിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവാണ് നാല് ശങ്കരചാര്യരുമായി ചേർന്ന് രാമാലയ് ന്യാസ് യാഥാർഥ്യമാക്കിയത്. ഭൂമി അഴിമതി കേസിലെ പ്രതിയായ ചംപത് റായ് വി.എച്ച്.പിയുടെ ഒരു പ്രചാരകനാണ്. അത്തരമൊരു ആളാണ് രാമക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്തുള്ളത്. ഇത് മതത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
ഹിന്ദു നേതാക്കളെ വിഭജിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. എന്തു കൊണ്ടാണ് നിർമോഹി അഖാഡയുടെ അവകാശം കവർന്നെടുത്തത്. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കൽ നയമാണ് വി.എച്ച്.പിയും ബി.ജെ.പിയും സംഘ്പരിവാറും ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ദ്വിഗ് വിജയ് സിങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.