റണ്ണൗട്ടിൽ ഗില്ലിനോട് പൊട്ടിത്തെറിച്ച് രോഹിത്; മടങ്ങിവരവിൽ നായകന് നിരാശ
text_fieldsഅഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏവരുടെയും ശ്രദ്ധ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയിലായിരുന്നു. 14 മാസത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിലേക്ക് മടങ്ങിയെത്തിയ നായകന് പക്ഷെ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. അഫ്ഗാനിസ്താൻ ഒരുക്കിയ 159 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഓപണറായെത്തിയ നായകൻ രണ്ടാം പന്തിൽ റണ്ണൗട്ടായി മടങ്ങി.
ഫസൽഹഖ് ഫാറൂഖി എറിഞ്ഞ പന്ത് മിഡോഫിലേക്ക് അടിച്ചയുടൻ രോഹിത് ഓട്ടം തുടങ്ങി. എന്നാൽ, ഇബ്രാഹിം സദ്റാൻ ഡൈവ് ചെയ്ത് പന്ത് പിടിച്ചെടുത്തതോടെ ഗിൽ ഓടാൻ മടിച്ചു. രോഹിതിനെ മടക്കാൻ ഗിൽ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പന്ത് വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന്റെ അടുത്തെത്തിയിരുന്നു, രോഹിത് ഗില്ലിന്റെയടുത്തും. വിക്കറ്റ് കീപ്പർ ബെയ്ൽസ് തെറിപ്പിച്ചതോടെ നായകന് പൂജ്യനായി മടങ്ങേണ്ടിവന്നു. ഇതോടെ ഗില്ലിനോട് പൊട്ടിത്തെറിച്ചാണ് രോഹിത് മടങ്ങിയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. രോഹിത് പുറത്തായി അധികം വൈകാതെ 12 പന്തിൽ 23 റൺസെടുത്ത ഗില്ലും മടങ്ങി.
മത്സരത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ ശിവം ദുബെയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 40 പന്തിൽ 60 റൺസുമായി താരം പുറത്താകാതെ നിന്നു. തിലക് വർമ 22 പന്തിൽ 26ഉം ജിതേഷ് ശർമ 20 പന്തിൽ 31ഉം റൺസെടുത്ത് പുറത്തായി. റിങ്കു സിങ് ഒമ്പത് പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാനിസ്താനായി മുജീബുർറഹ്മാൻ രണ്ടു വിക്കറ്റും അസ്മത്തുല്ല ഉമർസായി ഒരു വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.