‘വിനോദ സഞ്ചാരികളെ തടയാറില്ല, സ്വാഗതം ചെയ്യുന്നു’; രാഹുലിന്‍റെ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി
text_fieldsഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. വിനോദ സഞ്ചാരികളെ ഒരിക്കലും തടയാറില്ലെന്നും സ്വാഗതം ചെയ്യുന്നുവെന്നും ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു.
ഇതിൽ എവിടെയാണ് സംഘർഷം?, അത് നീതിയോ അനീതിയോ ആണെങ്കിലും. എല്ലാ വിനോദ സഞ്ചാരികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിനോദ സഞ്ചാരികൾ വന്നാൽ അവരെയും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യും. 2022-23 കാലയളവിൽ 44 ലക്ഷം വിനോദ സഞ്ചാരികൾ സന്ദർശിച്ചു. 2023-24ൽ ഇതുവരെ 70 ലക്ഷം പേർ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചെന്ന കോൺഗ്രസ് ആരോപണം അസം മുഖ്യമന്ത്രി തള്ളി. യാത്രക്കായി ഇനിയും കോൺഗ്രസ് അനുമതി തേടിയിട്ടില്ല. കോൺഗ്രസ് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. അവർ എപ്പോൾ വരുമെന്ന് അറിയില്ല. അവർ പോകാൻ നിശ്ചയിച്ച വഴി പോലും തങ്ങൾക്ക് അറിയില്ലെന്നും ശർമ പറഞ്ഞു.
ഗുവാഹത്തി നഗര പരിധിയിൽ പ്രവേശിക്കാതെ ദേശീയപാത വഴി യാത്ര നടത്താം. ഗതാഗത തടസം ഉണ്ടാവാതിരിക്കാൻ ഗുവാഹത്തി നഗരപരിധിയിൽ രാവിലെ എട്ട് മണിക്ക് മുമ്പ് യാത്ര നടത്തണം. അധ്യയന ദിവസം സ്കൂൾ, കോളജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനൽകില്ല. എന്നാൽ, ഞായറാഴ്ചയാണെങ്കിൽ ഗ്രൗണ്ട് നൽകാമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
അതേസമയം, അസം സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ബദൽ സംവിധാനം ആലോചിക്കുമെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തിന് പകരം കൃഷിയിടങ്ങളിലോ വയലുകളിലോ ബദൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണെന്നും ദേബബ്രത വ്യക്തമാക്കി. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് രാത്രി താമസത്തിനുള്ള കണ്ടെയ്നർ ലോറികൾ നിർത്തിയിടാനുള്ള സംവിധാനമാണ് സംഘാടകർ ഒരുക്കുന്നത്.
ജനുവരി 14ന് മണിപ്പൂരിലെ ഇംഫാലിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. ജനുവരി 18ന് അസമിൽ പ്രവേശിക്കും. സംസ്ഥാനത്ത് എട്ട് ദിവസം പര്യടനം നടത്തുന്ന യാത്ര 17 ജില്ലകളിലൂടെ കടന്നു പോകും. അസമിലെ യാത്ര ജനുവരി 25ന് പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.