ഷമി മാത്രമല്ല, സഹോദരനും ഹീറോയാ...! രഞ്ജിയിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി കൈഫ്
text_fieldsഏകദിന ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടേത്. ആദ്യ നാലു കളികളിൽ പുറത്തിരുന്ന താരം, തുടർന്നുള്ള ഏഴു മത്സരങ്ങളിൽ 24 വിക്കറ്റുകളാണ് നേടിയത്.
ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്കുവിച്ചു. ലോകകപ്പിലെ വിക്കറ്റ്‍വേട്ടക്കാരനിൽ ഒന്നാമനായിരുന്നു. ഷമിയുടെ വഴിയേ തന്നെയാണ് സഹോദരൻ മുഹമ്മദ് കൈഫും. രഞ്ജി ട്രോഫി ടൂർണമെന്‍റിൽ ബംഗാൾ താരമായ കൈഫ് ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ ഓൾ റൗണ്ട് പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ കൈയിലെടുത്തിരിക്കുകയാണ്.
ആദ്യമായാണ് കൈഫ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത്. ഗ്രൂപ്പ് ബിയിലെ മത്സരം മൂന്നു ദിവസം പൂർത്തിയാകുമ്പോൾ രണ്ടു ഇന്നിങ്സുകളിലുമായി ഏഴു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഒന്നാം ഇന്നിങ്സിൽ കൈഫിന്‍റെ മാജിക്കൽ സ്പെല്ലിൽ 5.5 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് നേടിയത്. ബാറ്റിങ്ങിൽ ബംഗാളിനായി ഒമ്പതാം നമ്പറിൽ ഇറങ്ങിയ കൈഫ്, 79 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്നു.
രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. കൈഫിന്‍റെ ഓൾ റൗണ്ട് പ്രകടനത്തിന്‍റെ ബലത്തിൽ ബംഗാൾ 128 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഉത്തർപ്രദേശ് 20.5 ഓവറിൽ 60 റൺസിന് പുറത്തായി. ബംഗാൾ ഒന്നാം ഇന്നിങ്സിൽ 188 റൺസെടുത്തു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഉത്തർപ്രദേശ് 52 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തിട്ടുണ്ട്. ഇതിൽ മൂന്നു വിക്കറ്റുകളും നേടിയത് കൈഫാണ്. യു.പി നിലവിൽ 50 റൺസിന്‍റെ ലീഡുണ്ട്.
രഞ്ജിയിൽ ബംഗാളിനായി കളിക്കാനുള്ള സഹോദരന്‍റെ തീരുമാനത്തെ കഴിഞ്ഞമാസം ഷമി അഭിനന്ദിച്ചിരുന്നു. ‘നീണ്ട പോരാട്ടത്തിനൊടുവിൽ നിങ്ങൾ (സഹോദരൻ കൈഫ്) ബംഗാൾ ടീമിലൂടെ രഞ്ജി കളിക്കുന്നു. ചിയേഴ്സ്!! വലിയ നേട്ടം !! അഭിനന്ദനങ്ങൾ, മികച്ച ഭാവി ആശംസിക്കുന്നു! നൂറു ശതമാനവും സമർപ്പിക്കുക, കഠിനാധ്വാനം തുടരുക’ -ഷമി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.