‘സിയൂ’ സ്റ്റൈലിൽ വിനീഷ്യസിന്‍റെ ഗോളാഘോഷം; ഗാലറിയിൽ കാഴ്ചക്കാരനായി ക്രിസ്റ്റ്യാനോ
text_fieldsസ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ സിയൂ സ്റ്റൈലിൽ ഗോൾനേട്ടം ആഘോഷിച്ച് ബ്രസീൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ. ബാഴ്സലോണക്കെതിരായ മത്സരത്തിൽ ഏഴാം മിനിറ്റിൽ ആദ്യഗോൾ നേടിയതിനു പിന്നാലെയാണ് പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജനപ്രിയമായ സിയൂ സ്റ്റൈലിൽ ആഘോഷിച്ചത്.
ഈസമയം വി.ഐ.പി ഗാലറിയിൽ കാഴ്ചക്കാരനായി ക്രിസ്റ്റ്യാനോയും ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം. സൗദി പ്രോ ലീഗിലെ അൽ നസ്റിന്‍റെ ഹോം ഗ്രൗണ്ടായ റിയാദിലെ അൽ അവ്വാൽ സ്റ്റേഡിയത്തിൽ നടന്ന ക്ലാസിക് ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാർലോ ആഞ്ചലോട്ടിയും സംഘവും ബാഴ്സയെ തരിപ്പണമാക്കിയത്. വിനീഷ്യസ് മത്സരത്തിൽ ഹാട്രിക് നേടി. ഏഴ്, 10, 39 (പെനാൽറ്റി) മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്‍റെ ഗോളുകൾ.
64ാം മിനിറ്റിൽ മറ്റൊരു ബ്രസീൽ താരമായ റോഡ്രിഗോ റയലിന്‍റെ നാലാം ഗോൾ നേടി. 33ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്സയുടെ ആശ്വാസ ഗോൾ നേടിയത്. സിആർ7 മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനൊപ്പമാണ് മത്സരം കാണാനെത്തിയത്. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം പ്രതിരോധ താരങ്ങൾക്കിടയിലൂടെ നൽകിയ മനോഹരമായ ത്രൂബാളിൽനിന്നാണ് വിനീഷ്യസ് ആദ്യ ഗോൾ നേടുന്നത്. ബ്രസീൽ വിങ്ങറുടെ പ്രിയതാരമാണ് ക്രിസ്റ്റ്യാനോ. റയലിൽ കളിക്കുന്ന സമയത്ത് താരം ധരിച്ചിരുന്ന ഏഴാം നമ്പർ ജഴ്സിയാണ് വിനീഷ്യസിന് ക്ലബ് നൽകിയത്.
ഗോൾ നേടിയശേഷമുള്ള ആഘോഷം ക്രിസ്റ്റ്യാനോക്ക് സമർപ്പിക്കുന്നതായി മത്സരശേഷം വിനീഷ്യസ് പറഞ്ഞു. ക്രിസ്റ്റ്യാനോയാണ് എന്‍റെ റോൾ മോഡൽ, സൗദിയിൽ കളിക്കുന്ന അദ്ദേഹത്തിന് ഇത് സമർപ്പിക്കുന്നതായും വിനീഷ്യസ് വ്യക്തമാക്കി. താരത്തിന്‍റെ സിയൂ ആഘോഷത്തെ ക്രിസ്റ്റ്യനോയുടെ പേരെടുത്ത് വിളിച്ച് നിറകൈയടികളോടെയാണ് ആരാധകർ വരവേറ്റത്. ബാഴ്സലോണക്കെതിരെ ഇതിനു മുമ്പും ഗോൾ നേടിയശേഷം താരം സിയൂ സ്റ്റൈലിൽ ആഘോഷിച്ചിരുന്നു.
2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിൽ ഗോൾ നേടിയപ്പോഴാണ് താരം ആദ്യമായി സിയൂ ആഘോഷം അവതരിപ്പിച്ചത്. പിന്നാലെ താരത്തിനൊപ്പം ഈ ഗോളാഘോഷവും ജനപ്രീതി നേടി. എൽ ക്ലാസിക്കോയിൽ റയലിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. 13ാം തവണയാണ് റയൽ സ്പാനിഷ് സൂപ്പർ കപ്പിൽ ചാമ്പ്യന്മാരാകുന്നത്. ബാഴ്സ 14 തവണ കിരീടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.