‘ആരും വോട്ട് ചെയ്യരുത്’; യു.എസ് പ്രസിഡന്റിന്റെ ഫോൺ കോളിൽ ഞെട്ടി വോട്ടർമാർ, സംഭവമിതാണ്..
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അഥവാ നിർമിത ബുദ്ധി...! എ.ഐയുടെ ബാല്യ കാലത്ത് തന്നെ വിദഗ്ധർ അതുണ്ടാക്കാൻ പോകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. അന്ന് എല്ലാവരും അതവഗണിച്ചു, ഒടുവിൽ നിർമിത ബുദ്ധിയുടെ തനിസ്വരൂപം കണ്ട് പേടിക്കുകയാണിപ്പോൾ ലോകം. ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച സചിൻ ടെണ്ടുൽക്കറുടെയും നടി രശ്മിക മന്ദാനയുടേയും ഡീപ് ഫേക്ക് വിഡിയോകൾ വലിയ വാർത്താ പ്രാധാന്യം നേടുകയുണ്ടായി. ദൃശ്യങ്ങൾക്ക് പുറമേ, ശബ്ദങ്ങളും എ.ഐ അനുകരിക്കാൻ തുടങ്ങിയതാണ് ഭീതി വർധിപ്പിക്കുന്നത്.
ഇപ്പോഴിതാ അമേരിക്കയെയും അവരുടെ തെരഞ്ഞെടുപ്പിനേയും വരെ എ.ഐയുടെ ‘വികൃതികൾ’ ബാധിക്കുകയാണ്. സാക്ഷാൽ അമേരിക്കൻ പ്രസിഡന്റിനെയാണ് എ.ഐ ഉപയോഗിച്ച് അനുകരിച്ചിരിക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള ന്യൂഹാംഷെയർ പ്രൈമറിയിൽ ആരും വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശമാണ് നിരവധി വോട്ടർമാർക്ക് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് ബൈഡന്റെ ശബ്ദം അനുകരിച്ചുള്ള റോബോകോളായിരുന്നു അത്.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ നിന്ന് ജനങ്ങളോട് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട ‘ബൈഡന്റെ വ്യാജ ശബ്ദം’ ആ വോട്ടുകൾ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കായി സൂക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ബൈഡൻ പതിവായി ഉപയോഗിക്കുന്ന വാചകങ്ങളടക്കം കടമെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വ്യാജ ശബ്ദം സൃഷ്ടിച്ചത്.
അതേസമയം, ന്യൂഹാംഷെയർ സ്റ്റേറ്റിലെ വോട്ടർമാരെ നിരുത്സാഹപ്പെടുത്താനായി നിർമിക്കപ്പെട്ട റോബോകോളിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ന്യൂ ഹാംഷെയർ അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. ഒന്നിലധികം വോട്ടർമാർക്ക് അയച്ച റെക്കോർഡ് ചെയ്ത സന്ദേശം വോട്ടിങ് തടസ്സപ്പെടുത്താനും അടിച്ചമർത്താനുമുള്ള നിയമവിരുദ്ധമായ ശ്രമമാണെന്ന് അറ്റോർണി ജനറൽ ജോൺ ഫോർമെല്ല പറഞ്ഞു. വോട്ടർമാർ ഈ സന്ദേശത്തിന്റെ ഉള്ളടക്കം പൂർണ്ണമായും അവഗണിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ആരാണ് വ്യാജ കോളിന് പിന്നിലെന്നത് വ്യക്തമല്ല. എന്നാൽ, ബൈഡനെ പിന്തുണക്കുന്ന ഒരു ക്യാംപൈന് നേതൃത്വം നൽകുന്ന മുൻ സ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടി ചെയർ കാത്തി സള്ളിവന്റെ സ്വകാര്യ സെൽഫോൺ നമ്പറിൽ നിന്ന് വരുന്നതായാണ് പലരുടെയും ഫോണുകളിൽ തെറ്റായി കാണിച്ചത്. അതോടെ സള്ളിവൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അനുവാദമില്ലാതെ ആ വ്യാജ കോളുകൾ തന്റെ നമ്പറിലേക്ക് ലിങ്ക് ചെയ്യപ്പെടുന്നതായി അവർ ആരോപിച്ചു.
അതേസമയം, ന്യൂഹാംഷെയർ പ്രൈമറിയിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണ് വിജയിച്ചത്. 55 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. എതിർ സ്ഥാനാർഥി നിക്കി ഹാലിക്ക് 44 ശതമാനം വോട്ട് ലഭിച്ചു. അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.