ഗവർണർ പോകുന്നത് കേന്ദ്ര സുരക്ഷയുള്ള ആർ.എസ്.എസുകാരുടെ പട്ടികയിലേക്ക് -പിണറായി
text_fieldsതിരുവനന്തപുരം: ഗവർണറുടെ സുരക്ഷ സി.ആർ.പി.എഫിന് കൈമാറിയെന്ന് പറയുന്നത് വിചിത്രമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ തലവനെന്നനിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവർണർ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾതന്നെ ചില ആളുകൾക്ക് കേന്ദ്രസുരക്ഷയുണ്ട്. അത് ചില ആർ.എസ്.എസുകാർക്കാണ്. ആ പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും പെട്ടിരിക്കുന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായാണ് മുഖ്യമന്ത്രി ശനിയാഴ്ച മാധ്യമങ്ങളെ കണ്ടത്.
സി.ആർ.പി.എഫ് കേരളം ഭരിക്കുമോ, അവർക്ക് ഇവിടെ കേസെടുക്കാൻ കഴിയുമോ, ഏതു സംവിധാനത്തിനും മേൽ ഒരു സുപ്രീം സംവിധാനമുണ്ട്. അതു മനസ്സിലാക്കുന്നത് നന്നായിരിക്കും. നടുറോഡിൽ മണിക്കൂറുകൾ കുത്തിയിരുന്ന ഗവർണർക്ക് നയപ്രഖ്യാപനം വായിക്കാൻ സമയമില്ലെന്നും ഇത്തരത്തിൽ പെരുമാറുന്ന ഗവർണർക്ക് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാര സ്ഥാനത്തിരിക്കുന്നവർക്കു നേരെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധസ്വരങ്ങൾ ഉയർന്നേക്കാം. ആ പ്രതിഷേധസ്വരങ്ങൾ, പ്രകടനങ്ങൾ നടക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാടെന്താണെന്ന് അധികാരസ്ഥാനത്ത് ഇരിക്കുന്നവർ മനസ്സിലാക്കണം. പ്രതിഷേധക്കാർക്കുനേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്ന് നോക്കാൻ അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.
അത് സാധാരണ സുരക്ഷ നിലപാടുകൾക്ക് വിരുദ്ധമായ കാര്യമാണ്. ചെയ്യാൻ പാടില്ലാത്തത്. പൊലീസ് ആണ് അതു ചെയ്യേണ്ടത്. നിയമനടപടികൾ താൻ പറയുന്നതുപോലെ സ്വീകരിക്കണമെന്നും എഫ്.ഐ.ആർ കാണണമെന്നും റോഡിലിരുന്ന് പ്രതിഷേധിക്കുന്ന ഗവർണറെ മുമ്പ് കണ്ടിട്ടുണ്ടോ. പൊലീസ് കൂടെ വരണ്ടെന്നാണ് കോഴിക്കോട്ട് ഗവർണർ പറഞ്ഞത്.
ഈ വിഷയത്തിൽ പ്രതിപക്ഷനേതാവിനും ഗവർണർക്കും ഒരേസ്വരമാണ്. മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി ഒറ്റവാക്കിൽ പറഞ്ഞു നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.