പി.സി. ജോർജ് ബി.ജെ.പിയിലേക്ക്; ചർച്ചക്ക് ഡൽഹിയിലെത്തി, ലക്ഷ്യം പത്തനംതിട്ട മണ്ഡലം
text_fieldsകോട്ടയം: മുൻ എം.എൽ.എയും ചീഫ് വിപ്പുമായ പി.സി. ജോർജ് ചെയർമാനായ ജനപക്ഷം സെക്യുലര്‍ പാർട്ടി ബി.ജെ.പിയില്‍ ലയിക്കുന്നു. ഇതിന്‍റെ ചർച്ചകൾക്കായി പി.സി. ജോർജ് ഡൽഹിയിലെത്തി. ഘടകകക്ഷിയായിട്ടല്ല മറിച്ച് ബി.ജെ.പിയില്‍ ലയിക്കണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.
അണികളുമായി ഇക്കാര്യം സംസാരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ലയനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാസങ്ങൾക്ക് മുമ്പുതന്നെ ജനപക്ഷം പാർട്ടി യോഗം ചേർന്ന് ബി.ജെ.പിയിൽ ലയിക്കാൻ തീരുമാനിച്ചിരുന്നു.
അതേസമയം, ബി.ജെ.പി സ്ഥാനാർഥിയായി താമര ചിഹ്നത്തിൽ പത്തനംതിട്ടയിൽ മത്സരിക്കുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടുന്നു. പി.സി. ജോർജിന്‍റെ പാർട്ടി എൻ.ഡി.എയിലേക്ക് വരുന്നതിനോടും പത്തനംതിട്ടയിൽ അദ്ദേഹം മത്സരിക്കുന്നതിനോടും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.
ക്രിസ്ത്യൻ സമുദായത്തെ ഒപ്പം കൂട്ടാൻ നടത്തുന്ന ശ്രമങ്ങൾക്ക് പി.സി. ജോർജിന്‍റെ പാർട്ടി എത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തൽ ബി.ജെ.പി ദേശീയ നേതൃത്വത്തിൽ ചിലർക്കുണ്ട്. ആ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ജോർജ്.
മുമ്പ് എൻ.ഡി.എയുടെ ഭാഗമായും ജനപക്ഷം പ്രവർത്തിച്ചിരുന്നു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന താൽപര്യമാണ് ജോർജിനുള്ളത്. ശബരിമല വികസനം ഉയർത്തിക്കാട്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ ഇത് വ്യക്തമാക്കുന്നതായിരുന്നു. എന്നാൽ, പത്തനംതിട്ട മണ്ഡലം ബി.ജെ.പിയും ഏറെ പ്രാധാന്യത്തോടെ കാണുന്നുണ്ട്.
ക്രിസ്ത്യൻ വോട്ടർമാർക്ക് കൂടി സ്വാധീനമുള്ള മണ്ഡലത്തിൽ പി.സി. ജോർജിനെ പോലുള്ള സ്ഥാനാർഥി എത്തിയാൽ ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ദേശീയ നേതൃത്വത്തിനുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.