ന്യൂറാലിങ്കിന്‍റെ ബ്രെയിൻ ചിപ്പ് സ്റ്റീഫൻ ഹോക്കിങ്ങിന് ഘടിപ്പിച്ചിരുന്നെങ്കിൽ...
text_fieldsവർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ സ്റ്റാർട്ടപ്പ് ന്യൂറാലിങ്ക് വികസിപ്പിച്ച ബ്രെയിൻ ചിപ്പ് ആദ്യമായി മനുഷ്യന്‍റെ തലച്ചോറിൽ ഘടിപ്പിച്ചിരിക്കുകയാണ്. രോഗിയിൽ ബ്രെയിൻ-ചിപ്പ് സ്ഥാപിച്ചെന്നും അയാൾ സുഖം പ്രാപിച്ചുവരികയാണെന്നും ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അറിയിച്ചത്. മനുഷ്യന്‍റെ തലച്ചോറിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കൽ ലക്ഷ്യമിട്ട് 2016-ൽ ടെസ്‍ല തലവൻ സ്ഥാപിച്ച ന്യൂറോ ടെക്‌നോളജി കമ്പനിയാണ് ന്യൂറാലിങ്ക്.
ന്യൂറാലിങ്കിൽ നിന്നുള്ള ആദ്യത്തെ ബ്രെയിൻ ഇംപ്ലാന്റിന് നൽകിയിരിക്കുന്ന പേര് ‘ടെലിപതി’ എന്നാണ്. പക്ഷാഘാതമോ മറ്റോ കാരണം തളർന്നുപോയവരെ അവരുടെ ചിന്തകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണും കംപ്യൂട്ടറുമൊക്കെ പ്രവർത്തിപ്പിക്കാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മസ്ക് പറയുന്നത്. ഭാവിയിൽ ഈ പദ്ധതിയിലൂടെ ന്യൂറാലിങ്കിന് പല ഉദ്ദേശലക്ഷ്യങ്ങളുമുണ്ടെങ്കിലും നിലവിൽ, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആളുകളുടെ ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ കഴ്‌സറോ കീബോർഡോ നിയന്ത്രിക്കാൻ സഹായിക്കുന്നതിൽ ഇംപ്ലാന്റിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഏറെകാലമായി പരിശോധിച്ചുവരികയായിരുന്നു ന്യൂറാലിങ്ക്. റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ മനുഷ്യ ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്തായിട്ടാണ് ഇംപ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
‘‘ഏറ്റവും വേഗതയുളള ടൈപ്പിസ്റ്റിനെക്കാളും വേഗത്തിൽ ടൈപ്പ് ചെയ്യാനും, പ്രഗത്ഭനായ ലേലക്കാരനേക്കാൾ വേഗത്തിൽ ആശയവിനിമയം നടത്താനുമൊക്കെ സ്റ്റീഫൻ ഹോക്കിങ്ങിന് കഴിയുന്നത് സങ്കൽപ്പിക്കുക. അതാണ് ലക്ഷ്യം’’. - ഇലോൺ മസ്ക് ബ്രെയിൻ ചിപ്പിനെ കുറിച്ച് പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. ഭൗതികശാസ്ത്രജ്ഞനായ ഹോക്കിങ് നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു. 2018-ലായിരുന്നു അദ്ദേഹം അന്തരിച്ചത്.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും ബുദ്ധിയുള്ള തലച്ചോറിനുടമയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. കൺപീലികളും ചൂണ്ടുവിരലുകളും മാത്രം അനക്കാൻ സാധിച്ചിരുന്ന അദ്ദേഹം കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതിയ 'എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടൈം, ഫ്രം ബിഗ് ബാങ് റ്റു ബ്ലാക്ക് ഹോൾസ്' എന്ന പുസ്‌തകം ലോകമെമ്പാടും വിറ്റഴിഞ്ഞിരുന്നു. തന്റെ ബ്രെയിൻ ചിപ്പുപയോഗിച്ച് അദ്ദേഹത്തിന്റെ ചിന്തകളെ മറ്റാരുടെയും സഹായമില്ലാതെ എളുപ്പം രേഖപ്പെടുത്താൻ കഴിയുമായിരുന്നു എന്നാണ് ഇലോൺ മസ്ക് പറയുന്നത്.
റോയിട്ടേഴ്‌സ് റിപ്പോർട്ടനുസരിച്ച്, ബ്രെയിൻ ഇംപ്ലാന്റിനായുള്ള ക്ലിനിക്കൽ ട്രയലിൽ കഴുത്തിലെ ക്ഷതം അല്ലെങ്കിൽ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) കാരണം തളർവാതം ബാധിച്ച രോഗികളും ഉൾപ്പെട്ടിരുന്നു. അതുപോലെ, അല്‍ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയിൽ ഉപകാരപ്പെട്ടേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.