മോദിയുടെ സംസാരം കേട്ടാൽ ബി.ജെ.പി പ്രതിപക്ഷത്തും കോൺഗ്രസ് ഭരണകക്ഷിയുമാണെന്ന് തോന്നും -സ്റ്റാലിൻ
text_fieldsചെന്നൈ: ബി.ജെ.പി പ്രതിപക്ഷത്തും കോൺഗ്രസ് ഭരണകക്ഷിയുമാണെന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ. മനസിലാക്കാൻ കഴിയാത്ത 'പസിൽ' ആണ് ഇതെന്നും സ്റ്റാലിൻ പരിഹസിച്ചു. നാലുദിവസത്തെ സ്പാനിഷ് പര്യടനത്തിനും ശേഷം മടങ്ങിയെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മോദി പാർലമെന്റിനെ അഭിസംബോധന ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സ്റ്റാലിൻ ഇങ്ങനെ പ്രതികരിച്ചത്. അധികാരത്തിൽ വന്നതുമുതൽ കോൺഗ്രസ് ആണ് ഭരണകക്ഷിയും താൻ പ്രതിപക്ഷ നേതാവും എന്ന രീതിയിലാണ് മോദി പെരുമാറുന്നത്. 543 ലോക്സഭ സീറ്റുകളിൽ എൻ.ഡി.എ വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞാൽ പോലും അദ്ഭുതം തോന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ 400 സീറ്റുകളിൽ വിജയിക്കുമെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ സീറ്റുകളുടെ എണ്ണം 400 ആണോ? ആകെയുള്ള 543 സീറ്റുകളിലും എൻ.ഡി.എ വിജയിക്കുമെന്ന് മോദി പറഞ്ഞാലും അദ്ഭുതപ്പെടാനില്ല.-സ്റ്റാലിൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 370 സീറ്റുകൾ ലഭിക്കുമെന്നും എൻ.ഡി.എ 400 സീറ്റുകൾ മറികടക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തമിഴ് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ പ്രതികരിച്ചു.
ജനുവരി 27നാണ് സ്പാനിഷ് സന്ദർശനത്തിനായി സ്റ്റാലിൻ പുറപ്പെട്ടത്. ബുധനാഴ്ച തിരിച്ചെത്തുകയും ചെയ്തു.
തന്റെ സന്ദർശനത്തോടെ വലിയതോതിലുള്ള വിദേശനിക്ഷേപത്തിന് ധാരണയായെന്നും നിരവധി കമ്പനികൾ 3440 കോടിയുടെ നിക്ഷേപത്തിന് താൽപര്യം കാണിച്ചുവെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഡി.എം.കെ ഭരണത്തിൽ തമിഴ്നാട്ടിൽ ബഹുരാഷ്ട്ര കമ്പനികൾ ഉണ്ടാകുമെന്ന് തെളിയിക്കാനുള്ള ആത്മവിശ്വാസം കൈവന്നതായും സ്റ്റാലിൻ സൂചിപ്പിച്ചു. നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കൂടുതൽ നിക്ഷേപകർ ഭാവിയിൽ തമിഴ്നാട്ടിലെത്തും. ലോക്സഭ തെരഞ്ഞെടുപ്പിലാണ് കൂടുതൽ ശ്രദ്ധയെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നിക്ഷേപകരെ ആകർഷിക്കാനുള്ള കൂടുതൽ കാര്യങ്ങൾ ഷെഡ്യൂൾ ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.