ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ചുട്ടുകൊന്നത് സംഘ്പരിവാറല്ല; ബി.ജെ.പി പ്രവേശനത്തിന് മുമ്പ് സഭാ പിതാക്കന്മാരുടെ അനുഗ്രഹം വാങ്ങി -പി.സി. ജോർജ്
text_fieldsതിരുവനന്തപുരം: ആസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറിയായ ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയ്ന്‍സിനെയും മക്കളെയും ചുട്ടുകൊന്നത് സംഘ്പരിവാറല്ലെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. പ്രാദേശിക വിഷയത്തിന്‍റെ അടിസ്ഥാനത്തിൽ ഹിന്ദു വികാരമുള്ള ആളുകളാണ് കൊലപാതകം നടത്തിയത്. ഹിന്ദുക്കളെ ക്രിസ്ത്യാനിയാക്കിയതിന്‍റെ വൈരാഗ്യത്തിലാണ് കൊല നടന്നത്. ക്ഷേത്രത്തിന്‍റെ മുമ്പിൽ നിന്ന് 'സാത്താനെ നീ അകന്നു പോ' എന്ന് പറഞ്ഞാൽ അടി കിട്ടാതിരിക്കുമോ എന്നും ജോർജ് ചോദിച്ചു. മറ്റ് മതങ്ങളെ ഒരിക്കലും ബഹുമാനിക്കാതെ അവരുടെ വിശ്വാസത്തെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്നും പി.സി. ജോർജ് ചൂണ്ടിക്കാട്ടി.
മണിപ്പൂരിലേത് നൂറ്റാണ്ടുകളായി തുടരുന്ന വംശീയ കലാപമാണ്. മണിപ്പൂരിലെ കൊലപാതകത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എങ്കിൽ ആദ്യത്തെ ഉത്തരവാദി ജവഹർ ലാൽ നെഹ്റുവാണ്. നെഹ്റുവിനെ കൂടാതെ മൊറാർജി ദേശായിയും ലാൽ ബഹദൂർ ശാസ്ത്രിയും ഇന്ദിര ഗാന്ധിയും വി.പി. സിങ്ങും ഉത്തരവാദികളാണ്. പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നെങ്കിൽ മണിപ്പൂർ കൂടുതൽ കത്തിയേനെ. വിവരവും ബോധവും ഉള്ളതു കൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്. ചൈനയിലെയും ബർമയിലെയും ചാരന്മാരും കലാപത്തിന് പിന്നിലുണ്ടെന്ന് പി.സി. ജോർജ് പറഞ്ഞു.
ഒരു വർഷം മുമ്പ് താൻ ബി.ജെ.പി അംഗത്വം എടുത്തിരുന്നെങ്കിൽ റബർ കർഷകർ ഇത്രയും ബുദ്ധിമുട്ടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യില്ലായിരുന്നു. കർഷക വർഗത്തിനും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണ് താൻ ബി.ജെ.പിയിലേക്ക് പോയത്. ബി.ജെ.പിയിൽ ചേരുന്നതിന് മുമ്പ് നിരവധി സഭാ പിതാക്കന്മാരുടെ അനുഗ്രഹം വാങ്ങിയിരുന്നു. താൻ ചെയ്യുന്നത് ശരിയാണെന്നും സമുദായത്തിന്‍റെ ഒരാൾ ഉണ്ടാകുമെന്നും പിതാക്കന്മാർക്ക് ബോധ്യമുണ്ട്. ക്രൈസ്തവ സമുദായത്തെ മുഴുവൻ ബി.ജെ.പിക്ക് അനുകൂലമായി മാറ്റുകയാണ് തന്‍റെ ദൗത്യം.
2013ൽ കോട്ടയത്ത് നടന്ന പരിപാടിയിൽ മോദിയുടെ ചിത്രം പതിച്ച ബനിയൻ കേരളത്തിൽ ഉദ്ഘാടനം ചെയ്തത് താനാണ്. അന്ന് മുതൽ മോദിയോട് സ്നേഹമുണ്ട്. അദ്ദേഹത്തെ ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല. ബി.ജെ.പിയിലേക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളും പോകണമെന്നാണ് അഭിപ്രായം. മോദിയോടൊപ്പം കൂടാതെ കേരളത്തെ രക്ഷിക്കാൻ മറ്റ് മാർഗമില്ല.
മുഖ്യമന്ത്രി പിണറായി വിജയനെയോ അദ്ദേഹത്തെക്കാൾ വലിയ ആളെയോ ഞാൻ പേടിക്കില്ല. ദൈവത്തെ അല്ലാതെ മറ്റാരെയും പേടിക്കില്ല. എന്നെ കൊല്ലാൻ ശ്രമിച്ചാൽ തിരിച്ച് കൊല്ലും. പിണറായിയും ഭാര്യയും മകളും ഉറങ്ങാതിരിക്കുന്നത് മകൻ ഷോണിന്‍റെ കേസ് കാരണമാണ്. മകന്‍റെ രാഷ്ട്രീയത്തിൽ താൻ ഇടപെടാറില്ല. ഷോണിന്റെ നിയമപോരാട്ടവും തന്‍റെ ബി.ജെ.പി പ്രവേശനവും തമ്മിൽ ഒരു ബന്ധവുമില്ല. പത്തനംതിട്ട അടക്കം ഏത് സീറ്റിൽ മത്സരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാലും മത്സരിക്കുമെന്നും പി.സി. ജോർജ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.