എല്ലാറ്റിനും ജനം ബാലറ്റിലൂടെ മറുപടി നൽകും -പാക് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇംറാൻ ഖാൻ
text_fieldsഇസ്‍ലാമാബാദ്: പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് (പി.ടി.ഐ)വിജയമുറപ്പായിരിക്കുമെന്ന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. തെഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപകനായ ഇംറാൻ ഖാനെ അഴിമതിക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. ഒമ്പത് സീറ്റുകളിൽ പി.ടി.ഐ പിന്തുണക്കുന്ന സ്ഥാനാർഥികൾ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നിട്ടുണ്ട്. നവാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്‍ലിം ലീഗ് 10 സീറ്റുകളിലാണ് വിജയിച്ചത്. ബിലാവൽ ഭുട്ടോ സർദാരി നയിക്കുന്ന പാകിസ്താൻ പീപ്ൾസ് പാർട്ട് ആറ് സീറ്റുകളിലും വിജയിച്ചു.
''ഒരാളുടെ സമയമാണിതെങ്കിലും അതിനെ പരാജയപ്പെടുത്താൻ ഒരു ശക്തിക്കും സാധിക്കില്ല. ജനങ്ങളുടെ ഇഛാശക്തിയെ തകർക്കാൻ ഒന്നിനും സാധ്യമല്ല. എല്ലാറ്റിനും ബാലറ്റ് കൊണ്ട് അവർ മറുപടി നൽകും. ''-എന്നാണ് ഇംറാൻ ഖാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
പി.ടി.ഐയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികൾ 125 സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ്. പാകിസ്താൻ മുസ്‍ലിം ലീഗ്-എൻ 44 സീറ്റുകളിലും പാകിസ്താൻ പീപ്ൾസ് പാർട്ടി 28 സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്. രാവിലെ എട്ടുമണിക്കു തുടങ്ങിയ വോട്ടെണ്ണൽ വൈകീട്ട് അഞ്ചുമണിക്കാണ് അവസാനിക്കുക.
336 അംഗ ദേശീയ അസംബ്ലിയിലെ, 266 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന 70 എണ്ണം സംവരണ സീറ്റുകളാണ്. അതിൽ 60 എണ്ണം വനിതകൾക്കും 10 എണ്ണം അമുസ്‍ലിംകൾക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ലഭിക്കാൻ 133 സീറ്റുകളാണ് വേണ്ടത്. എൻ.എ-130 മണ്ഡലത്തിൽ മത്സരിച്ച നവാസ് ശരീഫ് 171,024 വോട്ടുകൾക്ക് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.