ബൈഡന് വീണ്ടും നാക്കുപിഴ: ‘റഫയിൽ നമ്മുടെ സൈനിക നടപടി’
text_fieldsവാഷിങ്ടൺ: നാക്കുപിഴയുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും വാക്കുകൾ തെറ്റി. ഇത്തവണ റഫയിലെ ഇസ്രായേലിന്റെ ആസൂത്രിത ആക്രമണത്തെ ‘റഫയിലെ നമ്മുടെ സൈനിക നടപടി’ എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. തൊട്ടുടനെ ‘അവരുടെ‘ എന്ന് തിരുത്തി പറഞ്ഞു. എന്നാൽ, അതൊരു വാക്കുപിഴയല്ലെന്നും ഇസ്രായേൽ ആക്രമണത്തിന് സകല പിന്തുണയും നൽകുന്ന ബൈഡൻ അറിയാതെ യാഥാർഥ്യം പറഞ്ഞുപോയതാണെന്നും നെറ്റിസൺസ് പ്രതികരിച്ചു.
വൈറ്റ് ഹൗസ് പുറത്തുവിട്ട ബൈഡന്റെ പ്രസംഗത്തിൽ ഇസ്രായേലിന്റെ റഫ ആക്രമണത്തെ ‘നമ്മുടെ സൈനിക നടപടി’ എന്ന് പറയുന്നത് വ്യക്തമായി കേൾക്കാം. പിന്നാലെ സ്വയം തിരുത്തുകയും ചെയ്യുന്നുണ്ട്. ‘റഫയിൽ അഭയം പ്രാപിച്ച ഒരു ദശലക്ഷത്തിലധികം ആളുകളുടെ സുരക്ഷയും പിന്തുണയും ഉറപ്പാക്കാൻ വിശ്വസനീയമായ പദ്ധതിയില്ലാതെ റഫയിലെ ‘‘ഞങ്ങളുടെ’’ സൈനിക നടപടി -അവരുടെ പ്രധാന സൈനിക നടപടിയുമായി- മുന്നോട്ട് പോകരുത്’ എന്നാണ് ബൈഡൻ പറയുന്നത്.
കഴിഞ്ഞ ദിവസം തനിക്ക് ഓർമക്കുറവുണ്ടെന്ന വാർത്തക്കെതിരെ രൂക്ഷപ്രതികരണം നടത്തവേ ബൈഡന് പൊതുവേദിയിൽ നാക്കുപിഴ സംഭവിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയെ മെക്സിക്കൻ പ്രസിഡന്റാക്കിയാണ് ബൈഡൻ പരിഹാസ്യനായത്.
ബൈഡന് ഓർമശക്തി കുറവാണെന്നും ഏറെ പ്രായമായെന്നുമുള്ള ജസ്റ്റിസ് ഡിപാർട്മെന്റിന്റെ രേഖകൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് രോഷംകൊണ്ടത്. തൊട്ടുപിന്നാലെ ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഈജിപ്ത് പ്രസിഡന്റിനെ മെക്സിക്കൻ പ്രസിഡന്റാക്കിയത്.
അതേസമയം, ഗസ്സയിലെ സാധാരണക്കാരുടെ കെടുതികളെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വലിയവായിൽ പറയുന്ന ബൈഡനും യു.എസ് പ്രതിനിധികളും ആത്മാർത്ഥതയുണ്ടെങ്കിൽ യുദ്ധം നിർത്തിക്കാൻ ഇടപെടണമെന്ന് വിമർശകർ ആവശ്യപ്പെടുന്നു. അല്ലാതെ, ഇസ്രായേലിന് ബില്യൺ കണക്കിന് ഡോളറിന്റെ സൈനിക പിന്തുണ നൽകുകയും യു.എന്നിൽ ഇസ്രായേൽ ചെയ്തിക്ക് നയതന്ത്ര പിന്തുണ നൽകുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അറബ് രാഷ്ട്രങ്ങളടക്കം ചൂണ്ടിക്കാട്ടുന്നു. ആയുധ വിതരണമുൾപ്പെടെ എല്ലാവിധ പിന്തുണയും നൽകുന്ന യു.എസ്, ഗസ്സക്കെതിരായ യുദ്ധത്തിൽ തങ്ങൾ നേരിട്ട് ഇടപെടില്ലെന്നാണ് ആവർത്തിച്ച് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.