നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിച്ചതായി റിപ്പോർട്ട്. അമേരിക്കൻ ചാനലായ എൻബിസി ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈംസ് ഓഫ് ഇസ്രായേൽ അടക്കമുള്ള ഇസ്രായേൽ മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്.
ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാതെ യുദ്ധം തുടരുന്നതിൽ പ്രകോപിതനായാണ് ബൈഡൻ തെറി പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ സംഭാഷണത്തിലാണ് മോശം പരാമർശം (സഭ്യേതരമായതിനാൽ പ്രസ്തുത വാക്ക് ഇവിടെ നിന്ന് ഒഴിവാക്കുന്നു) ബൈഡൻ നടത്തിയത്. ദൃക്സാക്ഷികളായ മൂന്ന് പേരെ ഉദ്ധരിച്ചാണ് തങ്ങൾ വാർത്ത നൽകുന്നതെന്ന് എൻ.ബി.സി ചാനൽ വ്യക്തമാക്കി.
മറ്റൊരു സംഭാഷണത്തിൽ നെതന്യാഹുവിനെ ‘അയാൾ’ എന്നും ബൈഡൻ വിളിക്കുന്നുണ്ട്. ഹമാസുമായി വെടിനിർത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ അയാൾ അതവഗണിക്കുകയാണെന്നും ബൈഡൻ പറയുന്നു.
നെതന്യാഹുവിനെക്കുറിച്ച് ബൈഡൻ നടത്തിയ പരാമർശത്തെക്കുറിച്ച് ദേശീയ സുരക്ഷാ കൗൺസിൽ വക്താവിനോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, രണ്ട് നേതാക്കളും തമ്മിൽ മാന്യമായ ബന്ധമാണുള്ളതെന്നായിരുന്നു പ്രതികരണം. “പ്രധാനമന്ത്രി നെതന്യാഹുവിനോട് വിയോജിപ്പുള്ള കാര്യങ്ങൾ പ്രസിഡൻ്റ് വ്യക്തമാക്കിയതാണ്. എന്നാൽ, ഇരുവരും തമ്മിൽ പരസ്യമായും രഹസ്യമായും ദശാബ്ദങ്ങൾ നീണ്ട മാന്യമായ ബന്ധമാണുള്ളത്” -വക്താവ് പറഞ്ഞു.
ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ സന്ദർശിച്ച ബൈഡൻ നെതന്യാഹുവിനെ കെട്ടിപ്പിടിച്ച് പിന്തുണ അറിയിച്ചിരുന്നു. തിരിച്ചടിക്കാനും സുരക്ഷക്കും ഇസ്രായേലിന് എല്ലാ അവകാശവും ഉണ്ടെന്നായിരുന്നു ബൈഡൻ പറഞ്ഞത്. എന്നാൽ, അന്താരാഷ്ട്ര ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ഇതിനകം 28,000 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സ്വകാര്യ സംഭാഷണങ്ങളിൽ നെതന്യാഹുവിനെതിരെ കടുത്ത വാക്കുകൾ ഉപയോഗിക്കുന്ന ബൈഡൻ ഇസ്രായേലിന് ആയുധം നൽകുന്നതടക്കമുള്ള സൈനിക സഹായ നയത്തിൽ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. നെതന്യാഹുവിനെ പരസ്യമായി വിമർശിക്കുന്നത് തനിക്ക് പ്രതികൂലമാകുമെന്ന് ബൈഡൻഡൻ കരുതുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.