ഇന്ത്യൻ ജനതക്ക് ഒരു വൈദികന്റെ ഒസ്യത്ത്
text_fieldsശതകോടികൾ ചെലവിട്ട് നാട്ടിലെമ്പാടും ആരാധനാലയങ്ങൾ നിർമിക്കപ്പെടുന്നു. വാസ്തുശിൽപ കലയുടെ മകുടോദാഹരണങ്ങൾ എന്ന് വിളിക്കാവുന്ന വിധത്തിലെ മകുടങ്ങളാണ് അവയുടെ മുകളിൽ സ്ഥാപിക്കുന്നത്. നൂറുകണക്കിന് വർഷങ്ങൾ മുമ്പ് നിലവിലേതുപോലുള്ള സാങ്കേതിക വിദ്യാസൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് അനുഗൃഹീതരായ കല്ലാശാരികളും മരയാശാരികളും കൊല്ലപ്പണിക്കാരും മറ്റും കൊത്തിയുണ്ടാക്കിയ മഹാഗോപുരങ്ങളുടെ മാതൃകയിലാണ് പല പുതിയ ആരാധനാലയങ്ങളും നിർമിക്കുന്നത്. അമേരിക്കയിലും മറ്റു ഇസ്ലാമിക രാജ്യങ്ങളിലും പോലും പാരമ്പര്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രതീകങ്ങളായി അവിടത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു.
ഇസ്ലാംമത വിശ്വാസികൾക്കായി ഫുജൈറയിൽ മസ്ജിദ് നിർമിച്ചുനൽകിയ സജി ചെറിയാൻ എന്ന മലയാളി വ്യവസായിയെ യു.എ.ഇ ഭരണകൂടം ആദരിച്ച വാർത്ത കുറച്ചു വർഷംമുമ്പ് വായിച്ചിരുന്നു. ദുബൈയിലെ സിഖ് ഗുരുദ്വാര നിർമിക്കാൻ സ്ഥലവും സൗകര്യവും നൽകിയതും അവിടത്തെ ഭരണകൂടമാണ്. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി പണിയാൻ ഭൂമിയും സൗകര്യങ്ങളും നൽകിയത് കൊടുങ്ങല്ലൂരിലെ ഹൈന്ദവ വിശ്വാസിയായിരുന്ന രാജാവാണ്. ദൈവാരാധനക്കും മനുഷ്യ മനസ്സുകളുടെ ഇണക്കത്തിനും ഒരുപോലെ സഹായകരമാണിതെല്ലാം. പക്ഷേ, നമ്മുടെ രാജ്യത്ത് കുറച്ചുവർഷംമുമ്പ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത് ഉണങ്ങാത്ത മുറിവായി നിലനിൽക്കുന്നു. തർക്കപ്രദേശങ്ങളും ആരാധനാലയങ്ങളും പുരാവസ്തു നിയമപ്രകാരം സംരക്ഷിക്കലാണ് ഒരു മതേതര രാഷ്ട്രത്തിന് ഭൂഷണം. അത് പാലിക്കാതെ വന്നതും സ്നേഹഗംഗ ഒഴുകേണ്ടിടത്ത് രക്തപ്പുഴകൾ ഒഴുകിയതും രാജ്യമനഃസാക്ഷിയെ ഏറെ മുറിവേൽപിച്ച സംഭവങ്ങളാണ്.
നമ്മുടെ നാട്ടിലിപ്പോൾ വിവിധ മതസമൂഹങ്ങൾ മത്സരമെന്ന മട്ടിലാണ് ദേവാലയ നിർമിതി നടത്തിക്കൊണ്ടിരിക്കുന്നത്. അംബരചുംബികൾ എന്ന വാക്ക് അർഥവത്താകുന്ന വിധമാണ് പലതിന്റെയും നിർമാണം. ചില ട്രസ്റ്റുകൾക്ക് ഇതിനുള്ള പണം ഉണ്ടായിരിക്കും. ചിലർ സംഭാവനയും നൽകുന്നുണ്ടാവാം. പക്ഷേ, നമ്മുടെ നാടിന്റെ അവസ്ഥയെ പാടേ മറന്നുകളയാനാവില്ലല്ലോ. ദരിദ്ര ജനകോടികൾ ജീവിക്കുന്ന രാജ്യത്ത് ആ മനുഷ്യരുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്നല്ലേ എല്ലാ മതവിശ്വാസ പ്രമാണങ്ങളും പഠിപ്പിക്കുന്നത്?-ഏതെങ്കിലുമൊരു സമുദായം മാത്രമല്ല, സഹജീവികൾ വേദനിക്കുകയോ ദുരിതപ്പെടുകയോ അരുത് എന്ന് ആഗ്രഹിക്കുന്ന സകല വിശ്വാസികളും ഇക്കാര്യം ഗുണകാംക്ഷയോടെ ആലോചിക്കേണ്ടതുണ്ട്. ഇനി മറ്റൊരു കാര്യം:
ആരാധന സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന എല്ലാ മതക്കാർക്കും ഉറപ്പുനൽകിയിട്ടുള്ളതാണ്. അതിന്റെ ചട്ടക്കൂട്ടിനുള്ളിൽനിന്ന് ആരാധനയാകാം. പക്ഷേ, വിശ്വാസത്തിൽ മൗലികവാദം കലരുന്നത് (കലർത്തുന്നത്) പാലും രക്തവും കൂട്ടിക്കലർത്തുന്നതുപോലെയാണ്. അത് ചേർന്നുപോകുന്നതല്ല. പക്ഷേ, ഇപ്രകാരം ചെയ്യുന്നത് ചില നിഗൂഢ ലക്ഷ്യങ്ങളോടെയാണ്. അവർ തേടുന്നത് ഈശ്വര പ്രീതിയല്ല, വോട്ട് ലാഭമാണ്. വോട്ട് നേടാൻ രാഷ്ട്രീയത്തിൽ മതം കൂട്ടിക്കലർത്തുക എന്നത് രക്ഷകനായ ഈശ്വരന് കൊടുക്കേണ്ട ആരാധന രാക്ഷസന് നൽകുന്നതിന് സമമായിരിക്കും. വാക്കുതർക്കം, കൈയാങ്കളി, വടിവാൾ പ്രയോഗം, പൊട്ടിത്തെറികൾ, എല്ലാറ്റിനുമുപരി വിദ്വേഷ വ്യാപനം എന്നിവയാണ് ഇതിന്റെ പരിണിതഫലം. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഏറെ ഗുണകരമാവുന്ന സോഷ്യൽ മീഡിയയും ഇപ്പോൾ വിഷം ചീറ്റലിന് ദുരുപയോഗം ചെയ്യുന്നു ചിലർ.
ചില മതക്കാരോട് വിവേചനം കാണിക്കുന്ന നയം മൂന്നു ദശാബ്ദമായി പ്രബലപ്പെട്ടിട്ടുണ്ട്. ഇന്ത്യാ വിഭജന കാലത്തെ കാര്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന്, ചിലർ മാത്രമാണ് ഇതിനെല്ലാം കാരണമെന്ന് പ്രചരിപ്പിക്കുന്നത് തീയിൽ എണ്ണ പകരുന്നതിന് തുല്യമാണ്. സമൂഹത്തിൽ സ്പർധ വളരണമെന്ന് ആഗ്രഹിക്കുന്നവർ വളരെ ചെറിയൊരു ശതമാനം മാത്രമേയുള്ളൂ. കേരളത്തിലെ സമുദായ സൗഹാർദത്തിനും സമാധാന ജീവിതത്തിനും വിവിധ മതസമൂഹങ്ങളിലെ നേതാക്കൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പാണക്കാട് തങ്ങൾ കുടുംബം അതിന്റെ മികച്ച ഉദാഹരണമാണ്. ശബരിമല തീർഥാടകർ വാവരുടെ പള്ളിയിൽ ആദരവർപ്പിക്കുന്നതും നാം കാണുന്നുണ്ട്.
മനസ്സിന്റെ നൈർമല്യമാണ് മതസൗഹാർദത്തിന്റെ ഭൂമിക. അത് വളർത്തുകയാണ് സുഹൃത്തുക്കളുടെ ഉത്തരവാദിത്തം. മതസൗഹാർദം വാസ്തവത്തിൽ മനുഷ്യ സൗഹാർദമാണല്ലോ. മധ്യകേരളത്തിലെ മതസൗഹാർദ സദസ്സുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഞാൻ. ഒരിടത്തും പ്രകോപന സ്വരം കേൾക്കാനിടയായിട്ടില്ല. ആ ചൈതന്യമാണ് നാം ബോധപൂർവം വളർത്തേണ്ടത്. ശ്രീ അയ്യപ്പന്റെ പൂങ്കാവനത്തിൽ കുരിശ് കണ്ടെത്തി വലിയ സാമുദായിക രോഷാഗ്നി പകർന്നപ്പോൾ എല്ലാ മതത്തിലെയും പക്വതയുള്ള നേതാക്കൾ കൂടിയാലോചിച്ച് പ്രശ്നപരിഹാരം കണ്ടെത്തി. അതുവെച്ച് മുതലെടുപ്പ് നടത്താൻ ശ്രമിച്ചവർ തോറ്റുപോയി. അങ്ങനെ പക്വതയുള്ള ഒരു നേതൃനിര എന്നും നമ്മെ നയിക്കാനുണ്ടാവണം.
ദൈവത്തെ ആരാധിക്കുന്നതിനായി വലിയ ആരാധനാലയങ്ങൾ നിർമിക്കുന്ന വിശ്വാസികളുടെ മനസ്സുകൾ ചുരുങ്ങിയും അകന്നും പോകുന്നത് ഒരു രോഗലക്ഷണമാണെന്ന് തിരിച്ചറിയണം. എല്ലാ വിഭാഗക്കാരുടെ ആഘോഷങ്ങളിലും സാംസ്കാരിക പരിപാടിയെന്ന നിലയിൽ പങ്കെടുക്കാം. അത് മതവുമായി കൂട്ടിക്കലർത്തേണ്ടതില്ല. തൃശൂരിൽ പൂരവും പുലികളിയും എല്ലാ ജനങ്ങളുടെയും സാംസ്കാരിക ഉത്സവമാണ്. അവയുടെ ഉത്സാഹ കമ്മിറ്റികളിലൊക്കെ സർവ മതസ്ഥരും അംഗങ്ങളുമാണ്. ഇതുസംബന്ധിച്ച് എന്തെങ്കിലും നിയമപ്രശ്നങ്ങൾ (ഉദാ: വെടിക്കെട്ട്) ഉണ്ടാകുമ്പോൾ എല്ലാവരും ഒരുമയോടെ നിന്നാണ് കൈകാര്യം ചെയ്യുന്നത്. വെല്ലുവിളികൾക്കിടയിൽ സൗഹാർദം ശക്തിപ്പെടുത്തുന്നു അവർ. നബിദിനാഘോഷ പരിപാടികളും സ്ഥലത്തെ ക്ഷേത്ര ഉത്സവവും ഒരുദിവസം ഒരേസമയം വന്നപ്പോൾ കമ്മിറ്റിക്കാർ ഒരുമിച്ചിരുന്ന് ചർച്ച നടത്തി സമയവ്യത്യാസത്തിൽ രണ്ട് പരിപാടികളും ഏറെ ഭംഗിയായി നടത്തിയ നല്ല ചരിത്രവും നാട്ടിലുണ്ട്.
നമ്മുടെ നാട് ഓർമിക്കപ്പെടേണ്ടത് അത്തരം നല്ല മനസ്സുകളുടെ പേരിലാവണം, അതുപോലെ ഓരോ മതവും ഓർമിക്കപ്പെടേണ്ടത് അവ ഉയർത്തുന്ന ശാന്തിയുടെയും സ്നേഹത്തിന്റെയും ഗീതികളുടെ പേരിലാവണം. രാജ്യത്തെ വിവിധ മതസ്ഥരായ സഹോദരങ്ങൾ മുമ്പാകെ വൈദികനായ ഒരു ഭിഷഗ്വരൻ എഴുതുന്ന കുറിപ്പാണിത്. ഒരു മരുന്ന് ശീട്ടായോ, ഒസ്യത്തായോ നിങ്ങളിത് ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു. നാടിന്റെ ഐക്യത്തിനായി പ്രാർഥിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.