മുഖ്യമന്ത്രിയുടെ ഗൺമാനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം; നിയമസഭയിൽ ബഹളം, പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു. ഇതോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കർ എ.എൻ. ഷംസീറും തമ്മിൽ വാക്പോരും നടന്നു.
പ്രതിപക്ഷ അംഗത്തിന്‍റെ നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്ന് ശൂന്യവേളയിൽ സ്പീക്കർ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും സമീപകാല സംഭവമല്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
എന്നാൽ, സമീപകാല സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് പറഞ്ഞു. കോടതി ഇടപെട്ടതിന് പിന്നാലെ കേസെടുത്തിട്ട് പോലും ചോദ്യം ചെയ്യലിന് ഹാജരാകാതെ ഗൺമാൻ നിയമസഭയിൽ എത്തുകയായിരുന്നുവെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയോ കേസുമായി സഹകരിക്കുകയോ ചെയ്യുന്നില്ല. അതിനാൽ വളരെ പ്രാധാന്യമുള്ള വിഷയമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടിയിലെ പ്രതിഷേധവുമായി പ്രതിപക്ഷ എം.എൽ.എമാർ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. ഷാഫി പറമ്പിലിനെ കൂടാതെ എൻ. ഷംസുദ്ദീൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരുടെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.