താര ലിപിൻസ്കി, താരങ്ങളിൽ താരം
text_fieldsഅമേരിക്കൻ ഫിഗർ സ്കേറ്റർ താര ക്രിസ്റ്റൻ ലിപിൻസ്കി 1998ൽ ജപ്പാനിലെ നാഗാനോയിൽ നടന്ന ശീതകാല ഒളിമ്പിക്സിലൂടെ ഒളിമ്പിക് സ്വർണം മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്കേറ്ററായി. 15 വർഷവും 255 ദിവസവും പ്രായമുള്ളപ്പോഴാണ് താര ലിപിൻസ്കി ഒളിമ്പിക്സ് സ്വർണ മെഡൽ കഴുത്തിലണിയുന്നത്. ഫിഗർ സ്കേറ്റിങ്ങിൽ ഒളിമ്പിക്സ് സ്വർണ മെഡൽ നേടുന്ന ആറാമത്തെ അമേരിക്കൻ വനിതകൂടിയാണ് ലിപിൻസ്കി. അമേരിക്കയിലെ ഫിലഡെൽഫിയയിൽ 1982 ജൂൺ 10ന് ജനിച്ച താര ലിപിൻസ്കി മൂന്നാം വയസ്സിൽ റോളർ-സ്കേറ്റിങ് ആരംഭിച്ചു.
ഒമ്പതാം വയസ്സിൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി. 1996ലെ ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 15ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും തൊട്ടടുത്ത വർഷം ഒന്നാം സ്ഥാനത്തെത്തി ലോക പ്രഫഷനൽ ഫിഗർ സ്കേറ്റിങ് ചാമ്പ്യൻഷിപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്കേറ്ററുമായി അവർ. 1997-98 വർഷങ്ങങ്ങളിൽ തുടർച്ചയായി ചാമ്പ്യൻസ് സീരീസ് ഫൈനൽ ചാമ്പ്യനായിരുന്നു 5 അടി 2 ഇഞ്ചുകാരിയായ ലിപിൻസ്കി.
1998ലെ ഒളിമ്പിക്സ് സ്വർണമെഡൽ നേട്ടത്തിന് മുന്നോടിയായിത്തന്നെ യു.എസ് ഒളിമ്പിക് കമ്മിറ്റി ‘അത്ലറ്റ് ഓഫ് ദ ഇയർ’ ആയി അവരെ തിരഞ്ഞെടുത്തു. ‘താര ലിപിൻസ്കി: ട്രയംഫ് ഓൺ ഐസ്’ എന്ന ആത്മകഥ 1997ൽ പ്രസിദ്ധീകരിച്ചു. 2002ൽ പ്രഫഷനൽ ഫിഗർ സ്കേറ്റിങ്ങിൽനിന്ന് വിരമിച്ച ലിപിൻസ്കി സ്കേറ്റിങ് അനുബന്ധ ടി.വി പരിപാടികളുടെ അവതാരകയായി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.