ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വിവാഹ സൽകാരത്തിനിടെ വെടിയേറ്റ് മരിച്ചു
text_fieldsഷാജഹാൻപൂർ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു യു.പിയിൽ വിവാഹ സൽകാരത്തിനിടെ വെടിയേറ്റ് മരിച്ചു. ദാവൂദ് ഇബ്രാഹിമിൻ്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ഭാര്യാ സഹോദരൻ നിഹാൽ ഖാൻ (35) ആണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദിൽ ബുധനാഴ്ചയായിരുന്നു സംഭവം. മുംബൈയിലെ ബൈക്കുള സ്വദേശിയായ നിഹാൽ, സഹോദരിയുടെ മകന്റെ വിവാഹ സൽകാര ചടങ്ങിൽ പങ്കെടുക്കാനായി ജലാലാബാദിൽ എത്തിയതായിരുന്നു. ജലാലാബാദ് മുനിസിപ്പൽ ചെയർമാൻ ഷക്കീൽ ഖാന്റെ ഭാര്യാ സഹോദരൻ കൂടിയായിരുന്നു നിഹാൽ. ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരി റിസ്‌വാന ഹസനെയാണ് ഇഖ്ബാൽ കസ്‌കർ വിവാഹം കഴിച്ചത്. പണംതട്ടിപ്പ് കേസിൽ 2018 മുതൽ തലോജ സെൻട്രൽ ജയിലിൽ കഴിയുകയാണ് ഇഖ്ബാൽ.
ഷക്കീൽ ഖാന്റെ സഹോദരൻ കാമിൽ ഖാന്റെ മകളോടൊപ്പം 2016 ൽ നിഹാൽ ഒളിച്ചോടിപ്പോയിരുന്നു. ഇതിന്റെ പക തീർക്കാൻ കാമിലാണ് വെടിവെച്ചുകൊന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. “ഫെബ്രുവരി 15 ന് നിഹാൽ റോഡ് മാർഗമാണ് ഇവിടെയെത്തിയത്. കാമിലിന് ഇപ്പോഴും നിഹാലിനോട് പകയുണ്ടായിരുന്നു. എന്റെ മകന്റെ സൽകാരത്തിൽ പങ്കെടുക്കാൻ നിഹാൽ എത്തിയതറിഞ്ഞ് ഇയാൾ തോക്ക് കൈയ്യിൽ കരുതിയിരുന്നു. അവസരം കാത്തിരുന്ന കാമിൽ, ചടങ്ങിന്റെ നാലാം ദിവസം വെടിവെച്ച് കൊല്ലുകയായിരുന്നു’ -ഷക്കീൽ ഖാൻ പറഞ്ഞു.
ബുധനാഴ്‌ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും തുടർന്ന് കാമിൽ തന്റെ ലൈസൻസുള്ള റൈഫിൾ എടുത്ത് അതിഥികളുടെ മുന്നിൽ വെച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
നിഹാലിന്റെ ഭാര്യ റുഖ്‌സറിന്റെ പരാതിയിൽ കാമിൽ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഷാജഹാൻപൂർ എസ്.എസ്.പി അശോക് കുമാർ മീണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.