ചോദ്യം ഇഷ്ടപ്പെട്ടില്ല; മുഖാമുഖത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി, ‘ഒരു അവസരം തന്നാൽ എന്തും പറയാമോ...’
text_fieldsതൃശൂർ: സർക്കാറിന്‍റെ മുഖാമുഖം പരിപാടിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ നടന്ന മുഖാമുഖത്തിൽ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ കൽക്കട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ വളർത്താൻ നമുക്കാകില്ലേ എന്നായിരുന്നു ഷിബു ചക്രവർത്തിയുടെ ചോദ്യം. അത്തരത്തിൽ ഒരു ശ്രമം സർക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും ഷിബു ചക്രവർത്തി പറഞ്ഞു. ഇതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.
‘ഒരു സ്ഥാപനത്തെ അങ്ങിനെയാണോ സമീപിക്കേണ്ടത്? ഇവിടെ കലാരംഗവുമായി ബന്ധപ്പെട്ടവരാണല്ലോ മുഴുവൻ ആളുകളും ഇരിക്കുന്നത്. എന്തോ പറ്റാത്ത സാധനമാണ് അത്, അവിടെ കുട്ടികളെ അയക്കാൻ പാടില്ല എന്ന മെസ്സേജല്ലേ നിങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നത്? ആ തരത്തിലുള്ള സ്ഥാപനമാണോ ഇന്ന് അത്? ഫലപ്രദമായി പ്രവർത്തിക്കുന്ന് സ്ഥാപനമല്ലേ. എന്ത് വീഴ്ചയാണ് അതിനെപ്പറ്റി പറയാനുള്ളത്? അഭിപ്രായം പറയാൻ അവസരം കിട്ടുന്നു എന്നുള്ളത് കൊണ്ട് ഒരു സ്ഥാപനത്തെ ആകെ ആക്ഷേപിക്കുന്ന തരത്തിൽ അഭിപ്രായം പറയരുത്’ -മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന പരിപാടികൾക്കുശേഷം മുഖാമുഖം ആരംഭിച്ചപ്പോൾ മാധ്യമപ്രവർത്തകരെ ഹാളിൽ നിന്നും ഒഴിപ്പിച്ചിരുന്നു. പിന്നീട് ഇതിന്‍റെ ദൃശ്യങ്ങളും ശബ്ദരേഖയുമടക്കം പുറത്തുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.