കണ്ണൂരിൽ വീണ്ടും ട്വിസ്റ്റ്; കെ. സുധാകരനെതിരെ സ്വതന്ത്രനായി മമ്പറം ദിവാകരൻ
text_fieldsകണ്ണൂർ: കണ്ണൂർ ലോക്സഭ സീറ്റിൽ സ്ഥാനാർഥിത്വം ഉറപ്പായിരിക്കെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനെ നേരിടാൻ മുൻ കോൺഗ്രസ് നേതാവ് രംഗത്ത്. മമ്പറം ദിവാകരനാണ് കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു മമ്പറം ദിവാകരൻ. 2021ൽ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടർന്നായിരുന്നു നടപടി. കണ്ണൂർ ഡി.സി.സി അംഗീകരിച്ച കോൺഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ ബദൽ പാനലിൽ മത്സരിക്കുകയാണ് അന്നത്തെ ചെയർമാനായിരുന്ന മമ്പറം ദിവാകരൻ ചെയ്തത്. എന്നാൽ, തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ തകർപ്പൻ വിജയം നേടി.
കണ്ണൂർ കോൺഗ്രസിലെ പ്രബല നേതാവായിരുന്ന മമ്പറം ദിവാകരൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ എതിർപക്ഷക്കാരനായിരുന്നു. മമ്പറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരൻ കോൺഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്‍റെ പ്രസ്താവന വിവാദമായിരുന്നു.
ഇതിന് മറുപടിയുമായി ദിവാകരൻ രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്പറം ദിവാകരൻ നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.