‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: ബി.ജെ.പി അജണ്ടക്ക് ഭരണഘടന കടമ്പകളേറെ
text_fieldsന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശിപാർശ കേന്ദ്ര സമിതി സമർപ്പിച്ചെങ്കിലും 2029 മുതൽ ഇത് നടപ്പാക്കാൻ ഭരണഘടനാപരമായ കടമ്പകളേറെ. ചുരുങ്ങിയത് രണ്ട് ഭരണഘടനാ ഭേദഗതികളെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കണം. 15 സംസ്ഥാന നിയമസഭകൾ കൂടി അംഗീകാരം നൽകണം.
എല്ലാ കടമ്പകളും മറികടന്ന് 2029ൽ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തിയാലും എത്രയാകാമെന്നതാണ് മറ്റൊരു ചോദ്യം. ഏതെങ്കിലും സംസ്ഥാനങ്ങളിൽ സർക്കാറിനെ പിരിച്ചുവിടുകയോ ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവെക്കുകയോ ചെയ്താൽ സ്വാഭാവികമായും വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും. പിന്നീട് വരുന്ന സർക്കാറിന് അഞ്ചു വർഷമായിരിക്കും കാലാവധി. ഈ സംസ്ഥാനങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകും.
ഇത്തരം സാഹചര്യങ്ങൾ എങ്ങനെ മറികടക്കുമെന്നതാണ് മറ്റൊരു വിഷയം. പ്രബല ദേശീയകക്ഷി എന്ന നിലയിൽ ലാഭംകൊയ്യാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭരണഘടന സാധുത സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. ഇപ്പോൾ പ്രതിപക്ഷത്തെ ഇരുട്ടിൽ നിർത്തി റിപ്പോർട്ട് തട്ടിക്കൂട്ടിയാലും സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് മുന്നിൽ മറുപടി ബോധിപ്പിക്കേണ്ടിവരും. ഭരണഘടന ഭേദഗതികൾ മൂന്നിൽ രണ്ടോടെ പാസാക്കലും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് കടന്നുകിട്ടലുമാണ് അജണ്ട നടപ്പാക്കാനുള്ള പ്രധാന കടമ്പകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.