ജനജീവിതത്തിലെ പരിവർത്തനമാണ് ഏറ്റവും വലിയ ഭരണ നേട്ടം; ജനങ്ങൾക്ക് തുറന്ന കത്തുമായി മോദി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ ജനങ്ങൾക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മോദിയുടെ കുടുംബം’ എന്ന കാമ്പയിന്‍റെ ഭാഗമായി എൻ.ഡി.എ സർക്കാറിന്‍റെ 10 വർഷത്തെ ഭരണനേട്ടങ്ങളാണ് കത്തിൽ വിശദീകരിക്കുന്നത്. വികസിത് ഭാരത് സമ്പർക്ക് എന്ന വാട്ട്സ് ആപ്പ് ഐ.ഡി വഴിയാണ് കത്ത് പ്രചരിപ്പിക്കുന്നത്.
ജനജീവിതത്തിലെ പരിവർത്തനമാണ് ഏറ്റവും വലിയ ഭരണ നേട്ടമായി മോദി ചൂണ്ടിക്കാട്ടുന്നത്. ഇത് തുടരുവാൻ സാധിക്കുമെന്ന് മോദി പ്രതീക്ഷിക്കുന്നു. രാജ്യ ക്ഷേമത്തിന് നിരവധി ധീരമായ തീരുമാനങ്ങൾ എടുക്കാൻ കാരണം 140 കോടി ജനങ്ങളുടെ പിന്തുണയും വിശ്വാസവുമാണെന്നും മോദി ചൂണ്ടിക്കാട്ടുന്നു.
ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിത നിലവാരം ഉയർത്താൻ നിശ്ചയദാർഢ്യമുള്ള ഒരു സർക്കാർ നടത്തിയ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഈ പരിവർത്തനങ്ങൾ. പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകൾ, എല്ലാവർക്കും വൈദ്യുതി, വെള്ളം, എൽ.പി.ജി, ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സ, കർഷകർക്ക് ധനസഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകൾക്ക് സഹായം തുടങ്ങിയവ സാധ്യമായി.
ജി.എസ്.ടി നടപ്പാക്കൽ, ആർട്ടിക്ൾ 370 റദ്ദാക്കൽ, പുതിയ തലാഖ് നിയമം, നാരി ശക്തി വന്ദൻ ആക്ട്, തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരെ ശക്തമായ നടപടികൾ എന്നിവ ചരിത്രപരമായ തീരുമാനങ്ങളാണ്. പൊതുജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്നും മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രിയപ്പെട്ട കുടുംബാംഗം എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്ത്, രാജ്യത്തെ പുതിയ ഉയരങ്ങിലെത്തിക്കാൻ സാധിക്കുമെന്ന പ്രത്യാശയിൽ അവസാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.