എന്തുകൊണ്ട് ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുന്നു...?
text_fields'കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?'- അയ്യപ്പപണിക്കർ
കാടും വന അതിർത്തികളും മരങ്ങളുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് വളരെ കൂടുതലാണ്. ഇവ ഓസോൺ പാളികളുടെ തകർച്ചക്ക് കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ അഞ്ചിന് ലോകമെമ്പാടും 'പരിസ്ഥിതി ദിനം' ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം ഉണ്ടാക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. മൈക്രോപ്ലാസ്റ്റിക്, മലിനമായ വായു, ഹാനികരമായ വികിരണം എന്നിവയിൽ നിരന്തരമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിഫലിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നത്. സന്തുലിതമായ ആവാസവ്യവസ്ഥ നിലനിർത്താനുള്ള ശ്രമങ്ങൾ തുടർന്നില്ലെങ്കിൽ ജീവനും പരിസ്ഥിതിക്കും ഭീഷണിയാവാനും സാധ്യതയുണ്ട്.
'ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം. 1972-ലെ സ്റ്റോക്ക്ഹോം കോൺഫറൻസിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചു. അതേ വർഷം തന്നെ യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാം (യു.എൻ.ഇ.പി) സ്ഥാപിതമായി. 'ഒരേയൊരു ഭൂമി' എന്ന പ്രമേയത്തിൽ 1973ലാണ് ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ചത്. ഇന്ന് 193 രാജ്യങ്ങൾ യു.എൻ.ഇ.പിയുടെ ഭാഗമാണ്. വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ഈ ദിനം ആഘോഷിക്കുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ലോക പരിസ്ഥിതി ദിനത്തിൽ ഓരോ വർഷവും ഔദ്യോഗിക ആഘോഷങ്ങളിൽ വ്യത്യസ്ത രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. 2024-ൽ ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.