ആർ.സി.ബിക്കൊപ്പം ഡി.കെക്ക് പുതുദൗത്യം; ഇനി ബാറ്റിങ് കോച്ചും മെന്ററും
text_fieldsബംഗളൂരു: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിന് ഇനി പുതിയ ദൗത്യം. ഡി.കെയെ പുരുഷ ടീമിന്റെ മെന്ററും ബാറ്റിങ് പരിശീലകനുമായി പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു.
കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിൽ ആർ.സി.ബിക്കായി അവസാന മത്സരം കളിച്ചതിന് പിന്നാലെയാണ് കാർത്തിക് കളമൊഴിയൽ പ്രഖ്യാപിച്ചത്. ബംഗളൂരുവിന്റെ മികച്ച ഫിനിഷറായിരുന്ന വിക്കറ്റ് കീപ്പർ-ബാറ്റർ അടുത്ത സീസൺ മുതൽ പുതിയ ചുമതലയുമായി ടീമിനൊപ്പം ഉണ്ടാകും. എക്സിലൂടെയാണ് ആർ.സി.ബി ഇക്കാര്യം അറിയിച്ചത്.
‘എല്ലാ അർഥത്തിലും ഞങ്ങളുടെ കീപ്പറെ സ്വാഗതം ചെയ്യുന്നു, ദിനേശ് പുതിയ അവതാരത്തിൽ ആർ.സി.ബിയിലേക്ക് തിരികെയെത്തുന്നു. ഡി.കെ ആയിരിക്കും പുരുഷ ടീമിന്റെ ബാറ്റിങ് കോച്ചും മെന്ററും. നിങ്ങൾക്ക് മനുഷ്യനെ ക്രിക്കറ്റിൽനിന്ന് പുറത്താക്കാം, പക്ഷേ ക്രിക്കറ്റിനെ മനുഷ്യനിൽനിന്ന് പുറത്താക്കാൻ കഴിയില്ല! അദ്ദേഹത്തിന് എല്ലാ സ്നേഹവും ചൊരിയുക!’ -എന്നിങ്ങനെയായിരുന്നു ആർ.സി.ബി എക്സിൽ തീരുമാനം അറിയിച്ചുകൊണ്ട് കുറിപ്പിട്ടത്.
കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റൺസാണ് റോയൽ ചലഞ്ചേഴ്സിനായി ദിനേഷ് കാർത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആർ.സി.ബിക്കൊപ്പം ഉണ്ടായിരുന്ന ഡി.കെ 2022ലാണ് ടീമിൽ തിരിച്ചെത്തുന്നത്. 2008ലെ ആദ്യ സീസൺ മുതൽ ഐ.പി.എൽ കളിച്ച താരം 257 മത്സരങ്ങളിൽ 135.36 സ്ട്രൈക്ക് റേറ്റിൽ 4842 റൺസാണ് അടിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.