ഫ്യൂസ് ഊരിയ ഉദ്യോഗസ്ഥന്റെ ദേഹത്ത് പഴയ കറി ഒഴിച്ചു, മറ്റ് ആരോപണങ്ങളെല്ലാം തെറ്റാണെന്ന് അജ്മൽ
text_fieldsകോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി അജ്മൽ. അധിക വൈദ്യുതിബിൽ വന്നതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് പ്രതിഷേധിക്കുകയാണ് ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് അവരുടെ തലയിൽ താൻ ഒഴിച്ചു. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തന്നെയാണ് അവരുടെ ഓഫീസ് തകർത്തതെന്നും അജ്മൽ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണൻ കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കെ.എസ്.ഇ.ബി ചെയർമാനുമായുള്ള ചർച്ചക്കൊടുവിലാണ് തീരുമാനം. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
തിരുവമ്പാടി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി അസി. എൻജിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫിസ് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ടവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. സി.എം.ഡി ബിജു പ്രഭാകറിന്റെ ഉത്തരവനുസരിച്ചാണ് നടപടി. അക്രമത്തിൽ ഓഫിസിന് മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി യു.സി. അജ്മൽ (34), സഹോദരൻ ഷഹദാദ് (24) എന്നിവരെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ജീവനക്കാരെ മർദിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ പരാതികളിലാണ് കേസെടുത്തത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ ഓഫിസിൽ ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെയാണ് സംഭവം.
ബിൽ തുക അടക്കാത്തതിനെതുടർന്ന് വ്യാഴാഴ്ച അജ്മലിന്റെ വീട്ടിലെ വൈദ്യുതി കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചിരുന്നു. തുക അടച്ചതിനെതുടർന്ന് വെള്ളിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയ കെ.എസ്.ഇ ബി ജീവനക്കാരനെ അജ്മൽ കൈയേറ്റം ചെയ്തതായി പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ ഇക്കാര്യം ചോദിക്കാനെത്തിയ അജ്മലും സഹോദരനും ഓഫിസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഓഫിസിലെ കമ്പ്യൂട്ടറും ഫർണിച്ചറും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.