കടത്തിലോടുന്ന സർക്കാറിനോട് 30,000 കോടി ആവശ്യപ്പെട്ട് നിതീഷ്; പ്രതിസന്ധിയിൽ മോദി, എൻ.ഡി.എയിൽ വിള്ളൽ ?
text_fieldsപട്ന: ജൂലൈ 23ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെ സർക്കാറിന് മുന്നിൽ വമ്പൻ ആവശ്യം മുന്നോട്ടുവെച്ച് നിതീഷ് കുമാർ. ബിഹാറിന് 30,000 കോടി രൂപ വേണമെന്ന് നിതീഷ് ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം നിതീഷ് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
30,000 കോടിക്ക് പുറമേ മറ്റ് ചില ആവശ്യങ്ങളും നിതീഷ് കുമാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒമ്പത് വിമാനത്താവളങ്ങൾ, നാല് മെട്രോ ലൈനുകൾ, നിരവധി മെഡിക്കൽ കോളജുകൾ, താപവൈദ്യുത നിലയങ്ങൾ, 20,000 കിലോ മീറ്റർ റോഡ് അറ്റകൂറ്റപ്പണിക്ക് വേണ്ട പണം എന്നിവയാണ് നിതീഷിന്റെ മറ്റുള്ള ആവശ്യങ്ങൾ.
എൻ.ഡി.എയിലെ മറ്റൊരു സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവും സർക്കാറിന് മുമ്പാകെ വലിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിരം. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 12 ബില്യൺ ഡോളറിന്റെ സഹായമാണ് ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്നത്.
ഒരു വർഷം ഭക്ഷ്യവസ്തുക്കൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സബ്സിഡിയുടെ ഏതാണ്ട് പകുതി വരും മുന്നണിയിലെ കക്ഷികളുടെ ആവശ്യങ്ങൾ. കേന്ദ്രസർക്കാർ കടങ്ങൾ പരമാവധി കുറക്കാൻ ലക്ഷ്യമിടുമ്പോഴാണ് വലിയ ആവശ്യങ്ങളുമായി സഖ്യകക്ഷികൾ രംഗത്തെത്തുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനും ചില്ലറ പ്രതിസന്ധിയല്ല സൃഷ്ടിക്കുന്നത്.
2023 ജൂലൈ 23നാണ് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. ധനകമ്മി ജി.ഡി.പിയുടെ 5.1 ശതമാനത്തിലേക്ക് കുറക്കുകയെന്ന ലക്ഷ്യത്തിനിടെയാണ് ബജറ്റവതരണം. ഐ.എം.എഫിന്റെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനമായിരുന്നു രാജ്യത്തിന്റെ ധനകമ്മി.
നിലവിൽ ഏകദേശം 163 ലക്ഷം കോടി കേന്ദ്രസർക്കാറിന് കടമായും മറ്റ് ബാധ്യതകളുമായും ഉണ്ട്. ഇത് അടുത്ത സാമ്പത്തിക വർഷത്തിൽ 183 ലക്ഷം കോടിയായി വർധിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിലാണ് സഖ്യകക്ഷികളുടെ ആവശ്യം.
അതേസമയം, 2024ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നിതീഷ് കുമാറിന്റേയും ചന്ദ്രബാബു നായിഡുവിന്റേയും പാർട്ടികളുടെ പിന്തുണയില്ലാതെ കേന്ദ്രത്തിൽ മോദിക്ക് ഭരിക്കാനാവില്ല. ഇതിനിടയിലാണ് ബജറ്റ് മോദിക്ക് മുന്നിൽ പ്രതിസന്ധിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.