അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നടപടികൾ
text_fieldsആശുപത്രികളുടെയും ഡോക്ടർമാരുടെയും എണ്ണത്തിലും ആധുനിക ചികിത്സയിലും രാജ്യത്തിന് മാതൃകയായി അവതരിപ്പിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ഭൗതിക സൗകര്യങ്ങളുടെ അഭാവത്തിൽ ആരും മരിക്കേണ്ട സാഹചര്യം ഇന്ന് ഇവിടെയില്ലെന്നാണ് വെപ്പ്. സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ട് ചികിത്സിക്കാനാവുന്നില്ല എന്ന പരാതിക്ക് പരിഹാരമൊരുക്കാൻ സർക്കാറിന്റെയും സർക്കാറിതര ഏജൻസികളുടെയും ഭാഗത്തുനിന്ന് ശ്രമങ്ങൾ സജീവവുമാണ്. അലോപ്പതിക്ക് പുറമെ ആയുർവേദം, ഹോമിയോപ്പതി, യുനാനി തുടങ്ങിയ എല്ലാ ചികിത്സാ രീതികളും ഇവിടെ ലഭ്യമാണ്. എന്നാൽ, ആരോഗ്യ രംഗത്തെ എല്ലാ മികവിനെയും മുന്നേറ്റത്തെയും അപ്രസക്തമാക്കിക്കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രബുദ്ധ കേരളത്തിൽ മന്ത്രവാദ ചികിത്സ നിലനിൽക്കുന്നുവെന്നതും അത് കുട്ടികളുടെപോലും ജീവനെടുക്കുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുേമ്പാൾ അതേക്കുറിച്ച് എന്താണ് പറയേണ്ടത്?
കഴിഞ്ഞദിവസം കണ്ണൂർ സിറ്റിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ പതിനൊന്നുകാരി ഫാത്തിമ പനി മൂർച്ഛിച്ച് ജീവൻ വെടിയാൻ കാരണം അവളെ യഥാസമയം ഡോക്ടറെ കാണിക്കുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യാതെ മന്ത്രവാദ ചികിത്സക്ക് വിധേയമാക്കിയതാണെന്ന് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത് ബന്ധുക്കൾ തന്നെയാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, 2014, 2016, 2018 വർഷങ്ങളിൽ ഇതേ കുടുംബത്തിൽ നടന്ന മൂന്നു മരണങ്ങളും സംശയകരമായ സാഹചര്യത്തിലായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. രോഗം വരുേമ്പാൾ ആധുനിക ചികിത്സക്ക് പകരം മന്ത്രിച്ചൂതലുകൾ ഉൾപ്പെടെയുള്ള ചികിത്സാ മുറകളാണത്രെ പ്രയോഗിക്കപ്പെടുന്നത്. കുഞ്ഞിപ്പള്ളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദ ചികിത്സയുടെ പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രേതമോ ജിന്നോ പിശാചോ മറ്റേതെങ്കിലും അദൃശ്യ സൃഷ്ടികളോ ആണ് രോഗബാധക്ക് കാരണമെന്ന് ബന്ധപ്പെട്ടവരെ വിശ്വസിപ്പിച്ച് ബാധയകറ്റാൻ ശാരീരിക പീഡനങ്ങളേൽപിക്കുന്ന പ്രാകൃതരീതി മുെമ്പാക്കെ സാർവത്രികമായിരുന്നെങ്കിലും സ്കൂളും ആശുപത്രിയും ഡോക്ടറും മരുന്നുമൊക്കെ സുലഭമായതോടെ ഇത്തരം നരഹത്യകൾ നാടുനീങ്ങി എന്നായിരുന്നു കേരളം പൊതുവെ ആശ്വസിച്ചിരുന്നത്.
മാനസിക പ്രശ്നങ്ങൾക്കും തജ്ജന്യമായ പ്രയാസങ്ങൾക്കും പ്രതിവിധി തേടി അന്ധവിശ്വാസികൾ ദിവ്യന്മാരെയും സിദ്ധന്മാരെയും സമീപിക്കുന്ന സമ്പ്രദായം ഇപ്പോഴും കുറ്റിയറ്റുപോയിട്ടില്ലെങ്കിലും ശാരീരികാസുഖങ്ങൾക്ക് പീഡന പ്രതിവിധികൾ തേടുന്ന മൂഢവിശ്വാസികളുടെ കാലം കഴിഞ്ഞുവെന്നാണ് ജനങ്ങൾ സാമാന്യമായി കരുതിയത്. അതുപക്ഷേ, ഒരന്ധവിശ്വാസമാണെന്ന് തെളിയിക്കുന്നതാണ് കണ്ണൂർ സിറ്റിയിലെ ബാലികഹത്യ സംഭവം.
മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമനിർമാണം ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് നിയമ പരിഷ്കരണ കമീഷൻ സംസ്ഥാന സർക്കാറിന് സമർപ്പിച്ചത്. അതിന് രണ്ടു വർഷം മുമ്പ് പക്ഷേ, ദുർമന്ത്രവാദവും മനുഷ്യത്വ വിരുദ്ധവുമായ ചെയ്തികളും തടയാനുള്ള ബില്ലിന്റെ കരടുരൂപം ഒന്നാം പിണറായി സർക്കാറിന് നിയമപരിഷ്കാര കമീഷൻ കൈമാറിയിരുന്നു. തുടർ നടപടിയൊന്നും ഇല്ലാത്തതുകൊണ്ടാവണമല്ലോ വീണ്ടും കമീഷൻ ശിപാർശകൾ സമർപ്പിക്കേണ്ടിവന്നത്.
2013ൽ മഹാരാഷ്ട്രയും 2017ൽ കർണാടകയും നടത്തിയ അന്ധവിശ്വാസ-ദുർമന്ത്രവാദ പ്രതിരോധ നിയമനിർമാണമാവാം ഒരുവേള കേരളത്തിനും പ്രചോദനമാവുന്നത്. സംസ്ഥാനത്ത് അങ്ങേയറ്റം അപലപനീയമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിലെ അമർഷവും രോഷവും സാമൂഹിക-രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഈ ദിശയിലുള്ള നിയമനിർമാണത്തെ പ്രത്യക്ഷത്തിൽ ആരും എതിർത്തതായും കണ്ടിട്ടില്ല. ഒരുവേള നിയമത്തിന്റെ പൂർണരൂപം മുന്നിൽവരുേമ്പാൾ ചില വിശദാംശങ്ങളിൽ ചിലർക്ക് ഭിന്നാഭിപ്രായമോ എതിർേപ്പാ ഉണ്ടാവാം. എങ്കിലും ദുർബലരായ വിശ്വാസികളെ പണത്തിനുവേണ്ടി ചൂഷണം ചെയ്യുകയെന്ന ഏക അജണ്ടയിൽ പരിമിതമായ മന്ത്രവാദത്തെയും കേവലമായ അന്ധവിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനോട് ഒരാളും വിയോജിക്കാനിടയില്ല. എന്നിട്ടും നിയമനിർമാണത്തിന് സർക്കാർ-അതും ഒരിടതു മുന്നണി സർക്കാർ- കാണിക്കുന്ന അനാസ്ഥക്കു പിന്നിൽ എന്താണെന്നത് ദുരൂഹമായിരിക്കുന്നു.
വോട്ട്ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ച കണക്കുകൂട്ടലുകളാണ് ഇത്തരം ഏതു പരിഷ്കരണത്തെയും തടസ്സപ്പെടുത്തുന്നത് എന്ന് സാമാന്യമായി പറയാം. ശബരിമലയിെല സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ പെട്ടെന്ന് സ്വാഗതം ചെയ്ത ഒന്നാം പിണറായി സർക്കാർ അതിൽനിന്ന് രാഷ്ട്രീയ പ്രതിയോഗികൾ മുതലെടുക്കുന്നു എന്നു കണ്ടപ്പോൾ രായ്ക്കുരാമാനം കരണംമറിഞ്ഞത് നാം കണ്ടതാണല്ലോ. പക്ഷേ, അതിനേക്കാൾ എത്രയോ മാരകമാണ് അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള മന്ത്രവാദം, ആഭിചാരം പോലുള്ള മാരക ചെയ്തികൾ. മനുഷ്യജീവൻകൊണ്ട് പന്താടുന്ന നരാധമരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിച്ചാലല്ലാതെ അതവസാനിപ്പിക്കാനാവില്ല.
നിയമം കൊണ്ടുവന്ന മഹാരാഷ്ട്രയിലും കർണാടകയിലും എടുത്തുപറയാവുന്ന തുടർനടപടികൾ ഉണ്ടായില്ല എന്നത് നേരാവാം. രാഷ്ട്രീയപരമായ മുതലെടുപ്പുകളും നിയമപാലകരുടെ തന്നെ അന്ധവിശ്വാസങ്ങളും അതിന് കാരണവുമാവാം. പക്ഷേ, പുരോഗമന പ്രസ്ഥാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടത്ര സ്വാധീനമുള്ള കേരളത്തിൽ സ്ഥിതി വ്യത്യസ്തമാവാനാണ് സാധ്യത. ഇപ്പോൾ തന്നെ കണ്ണൂർ സംഭവത്തിൽ പരാതിപ്പെടാനും മതിയായ നടപടികൾക്കായി ശബ്ദമുയർത്താനും ജീവൻ ത്യജിക്കേണ്ടിവന്ന പെൺകുട്ടിയുടെ ബന്ധുക്കളിൽതന്നെ ആളുകളുണ്ടായത് ചെറിയ കാര്യമല്ല. യഥാർഥ മതവിശ്വാസവുമായും മതങ്ങൾ ഉദ്ഘോഷിക്കുന്ന മാനവിക മൂല്യങ്ങളുമായും ഒരു ബന്ധവുമില്ലാത്ത തികച്ചും മനുഷ്യത്വരഹിതമായ അന്ധവിശ്വാസ വ്യാപാരികളെ കണ്ടെത്തി കഠിനമായ ശിക്ഷ നൽകിയെങ്കിൽ മാത്രമേ ഇതവസാനിപ്പിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.