ബുലന്ദ്ശഹർ കൂട്ട ബലാൽസംഗം: മൂന്ന് പേർ അറസ്റ്റിൽ
text_fieldsബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ യുവതിയും മകളും കൂട്ടബലാൽസംഗംത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള 17 ആദിവാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയുടേയും മകളുടേയും മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്ന് ബലാൽസംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മീററ്റ് ഡി.ഐ.ജി അറിയിച്ചു. ക്രിമിനലുകളായ 200 പേരുടെ ഫോട്ടോകളിൽ നിന്ന് യുവതിയും മകളും ചൂണ്ടിക്കാട്ടിയ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാസിയാബാദ്, നോയിഡ, ഹാപൂർ, മീററ്റ് എന്നിവിടങ്ങളിൽ നിന്നായി ആദിവാസി കുറ്റവാളികളെ കൈകാര്യം ചെയ്ത് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 300 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.
പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രം വ്യക്തമായി അറിയുന്നവരാണ് അക്രമികൾ. പണവും ആഭരണങ്ങളും കൈക്കലാക്കിയ അക്രമികൾ കാൽനടയായാണ് ബജ്റ ചെടികൾക്കിടയിലൂടെ രക്ഷപ്പെട്ടതെന്ന് മൊഴിയിലുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളം ഇവർ സ്ത്രീകളെ പീഡിപ്പിച്ചിരുന്നു. ബലാൽസംഗ ശ്രമത്തെ ചെറുക്കാൻ ശ്രമിച്ച കുടുംബാംഗങ്ങളെ ചുറ്റിക കൊണ്ടായിരുന്നു അക്രമികൾ നേരിട്ടത്.
സംഭവസ്ഥലത്ത് നിന്ന് രണ്ട് ഇരുമ്പ് മഴു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വലിച്ചെറിഞ്ഞാണ് അക്രമികൾ കാറിന് മാർഗ തടസമുണ്ടാക്കിയതെന്ന് കരുതുന്നു. ജീൻസും ഷർട്ടും ധരിച്ച കൊള്ളക്കാർ 20നും 30നും ഇടക്ക് പ്രായമുള്ളവരാണ്. ഒരാൾ 40കാരനാണെന്നും മൊഴിയിലുണ്ട്. തങ്ങളെ കെട്ടിയിട്ട കയർ കടിച്ചുപൊട്ടിച്ചതിന് ശേഷം കുടുംബാംഗങ്ങൾ പൊലീസിനെ ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഏകദേശം പുലർച്ചെ നാലേകാലോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.
അതേസമയം, സംഭവവമായി ബന്ധപ്പെട്ട് ഏഴ് പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പിലുള്ളതെന്നും ഭരിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവെക്കണമെന്നും ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
ഡൽഹി-കാൺപൂർ ദേശീയ പാതയിൽ ശനിയാഴ്ച രാത്രിയാണ് അഞ്ച് പേരടങ്ങുന്ന സംഘം കാർ യാത്രക്കാരെ തടഞ്ഞ് പണവും സ്വർണവും കവർന്നത്. കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം 35കാരിയായ അമ്മയേും മകളേയും വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മൃഗീയമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.