ജി.എസ്.ടിക്ക് പച്ചക്കൊടി; ബില്‍ നാളെ രാജ്യസഭയില്‍
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍െറയും മറ്റു പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും സഹകരണം മിക്കവാറും ഉറപ്പിച്ച സാഹചര്യത്തില്‍ ചരക്കുസേവന നികുതി (ജി.എസ്.ടി) സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭയുടെ പരിഗണനക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്താകെ ഒറ്റ പരോക്ഷ നികുതി കൊണ്ടുവരുന്നതിനായി ഒരു പതിറ്റാണ്ടായി നടക്കുന്ന ശ്രമമാണ്, പാര്‍ലമെന്‍റിന്‍െറ അംഗീകാരമെന്ന കടമ്പ മറികടക്കുമെന്ന സ്ഥിതിയിലേക്ക് എത്തുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ അംഗങ്ങള്‍ നിര്‍ബന്ധമായും രാജ്യസഭയില്‍ ഹാജരായിരിക്കണമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി വീണ്ടും നടത്തിയ ചര്‍ച്ചയോടെയാണ് ബില്‍ രാജ്യസഭയില്‍ പരിഗണിക്കാമെന്ന സ്ഥിതി വന്നത്. കോണ്‍ഗ്രസിന് എതിര്‍പ്പുള്ള വിഷയങ്ങളില്‍ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിങ്കളാഴ്ച വീണ്ടും സംസാരിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും കണ്ടു. വീണ്ടും ഒരു വട്ടംകൂടി ചര്‍ച്ച നടത്തി ബില്ലിലെ വ്യവസ്ഥകളുടെ കാര്യത്തില്‍ അന്തിമഘട്ട വ്യക്തത വരുത്തും.
തര്‍ക്ക വിഷയങ്ങളെല്ലാം പരിഹരിച്ചുവെന്നും കോണ്‍ഗ്രസിന്‍െറ രണ്ടു ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. ഒരു ശതമാനം അധിക നികുതിയെന്ന വ്യവസ്ഥ എടുത്തുകളയും. സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം അഞ്ചു വര്‍ഷത്തേക്ക് കേന്ദ്രം നികത്തും. സംസ്ഥാനങ്ങള്‍ക്ക് നികുതി സമാഹരണത്തിലും തര്‍ക്കപരിഹാര സംവിധാനത്തിലും കൂടുതല്‍ അധികാരം നല്‍കും. സംസ്ഥാന സര്‍ക്കാറിനോ ഉപയോക്താവിനോ നഷ്ടമുണ്ടാകാത്ത സാഹചര്യമൊരുക്കും. ചൊവ്വാഴ്ച ബില്‍ രാജ്യസഭയില്‍ പരിഗണനക്ക് എടുക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വാരാണസിയില്‍ റോഡ് ഷോ നടത്തുന്നതിനാല്‍ ബുധനാഴ്ചത്തേക്ക് മാറ്റുകയാണ് ചെയ്തത്. ചില കോണ്‍ഗ്രസ് എം.പിമാര്‍ വാരാണസിക്ക് പോകുന്നുണ്ട്. ജി.എസ്.ടി ബില്‍ കഴിഞ്ഞ വര്‍ഷം ലോക്സഭ പാസാക്കിയതാണ്. എന്നാല്‍, ഭേദഗതികള്‍ വരുത്തുന്നതിനാല്‍ രാജ്യസഭ അംഗീകരിച്ച ശേഷം ബില്‍ ലോക്സഭ വീണ്ടും പാസാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.