വായ്പ തിരിച്ചുപിടിക്കല്‍ വ്യവസ്ഥകള്‍ കര്‍ക്കശമാക്കി നിയമനിര്‍മാണം
text_fieldsന്യൂഡല്‍ഹി: ബാങ്കുകളുടെ വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നിയമം ശക്തിപ്പെടുത്തുന്ന നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. എന്‍ഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ആന്‍ഡ് റിക്കവറി ഓഫ് ഡെബ്റ്റ്സ് ലോ അമന്‍റ്മെന്‍റ് ബില്‍ 2016നാണ് ലോക്സഭ അംഗീകാരം നല്‍കിയത്. വ്യവസായ നടത്തിപ്പ് എളുപ്പമാക്കുകയെന്ന് മോദി സര്‍ക്കാറിന്‍െറ നയം അനുസരിച്ചാണ് ഭേദഗതി. ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന കിട്ടാക്കടം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അതേസമയം, പുതിയ നിയമം ബാങ്ക് വായ്പയെടുത്ത സാധാരണക്കാര്‍ക്ക് പ്രയാസകരമായി മാറുമെന്ന് ആക്ഷേപമുണ്ട്.
സര്‍ഫാസി നിയമം, ഡി.ആര്‍.ടി നിയമം, ഇന്ത്യന്‍ സ്റ്റാമ്പ് നിയമം, ഡെപ്പോസിറ്ററീസ് ആക്ട് എന്നീ നാലു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ബില്‍ കൊണ്ടുവന്നത്. ബാങ്കുകളുടെ വായ്പക്കുടിശ്ശിക പിരിച്ചെടുക്കുന്ന ജോലി ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. വായ്പക്കുടിശ്ശിക സംബന്ധിച്ച കേസുകള്‍ കടം തിരിച്ച് ഈടാക്കല്‍ ട്രൈബ്യൂണല്‍ (ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍) വഴി ജപ്തി നടപടികള്‍ വേഗത്തിലാക്കാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്. ഇടപാടുകാരില്‍നിന്ന് പിരിച്ചെടുക്കാനായി ബാങ്കുകള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്ന വായ്പക്കുടിശ്ശിക സംബന്ധിച്ച കരാറിനെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. വായ്പയെടുത്തിട്ട് തിരിച്ചടക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ കഴിയുന്ന സാഹചര്യം അനുവദിക്കാനാകില്ളെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു.
വായ്പക്കുടിശ്ശിക പിരിക്കാന്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ വിദ്യാഭ്യാസ വായ്പ എടുത്ത് ഏതാനും അടവ് മുടങ്ങിപ്പോയ പാവപ്പെട്ട കുടുംബങ്ങളെപ്പോലും ദ്രോഹിക്കുന്ന സാഹചര്യമാണുള്ളതെന്ന് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി. എന്നാല്‍, വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ എന്തെങ്കിലൂം ഇളവ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രി തയാറായില്ല. വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നതില്‍ ബാങ്കുകളും കടം പിരിക്കുന്ന കമ്പനികളും അല്‍പം ഉദാരമായ സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച മന്ത്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിനേടുന്നതുവരെയുള്ള സാവകാശം അനുവദിക്കാമെങ്കിലും വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുകയെന്നത് സാധ്യമല്ളെന്ന് വ്യക്തമാക്കി. കടം എഴുതിത്തള്ളണമെങ്കില്‍ അത് മറ്റാരെങ്കിലും ഏറ്റെടുക്കണം. വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമ്പോള്‍ അതിന്‍െറ ഭാരം സര്‍ക്കാര്‍ ബജറ്റിലേക്കാണ് പോകുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
വായ്പക്കുടിശ്ശിക ഈടാക്കുവാനുള്ള നിയമഭേദഗതി സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും എതിരായി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരന്‍െറ ചെറിയ കടം പിരിക്കാന്‍ കമ്പനികള്‍ വീടുകള്‍ കയറുമ്പോള്‍ വിജയ് മല്യ ഉള്‍പ്പെടെയുളള വമ്പന്മാരെ തൊടാന്‍പോലും തയാറല്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രേമചന്ദ്രന്‍ മുന്നോട്ടുവെച്ച 21 ഭേദഗതി ലോക്സഭ തള്ളി.
കുടിശ്ശികയുള്ള സാധാരണക്കാരന്‍െറ ചിത്രം സഹിതം പരസ്യം പതിച്ച് അപമാനിക്കുന്ന കുടിശ്ശിക പിരിവ് കമ്പനികള്‍ കോടികള്‍ മുക്കിയ കോര്‍പറേറ്റ് തലവന്മാര്‍ക്ക് മുന്നില്‍ മുട്ടുമുടക്കുകയാണെന്ന് എം.ഐ. ഷാനവാസ് എം.പി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നത് ഗുണ്ടാ സംസ്കാരമുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പിക്കുന്നത് അനുവദിക്കരുതെന്ന് ജോയ്സ് ജോര്‍ജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.