പ്രതികൾക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹര്‍ ഇരകൾ
text_fieldsബുലന്ദ്ശഹർ: പ്രതികൾക്ക് തക്ക ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹര്‍ കൂട്ട ബലാത്സംഗക്കേസിലെ അക്രമത്തിന് ഇരയായവർ.
"ഞങ്ങൾ കൊള്ളയടിക്കപ്പെട്ടു, മർദ്ദിക്കപ്പെട്ടു. എന്‍റെ മകളോട് അവർ എന്തെല്ലാം ചെയ്തുവെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധ്യമല്ല. അവരെ ശിക്ഷിച്ചില്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർഥമില്ല. മൂന്ന് മാസത്തിനകം ഞങ്ങൾ ആത്മഹത്യ ചെയ്യും." പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാറിന്‍റെ ഡ്രൈവറായ ഇദ്ദേഹത്തിന്‍റെ കുടുംബമാണ് മണിക്കൂറുകൾ നീണ്ട മൃഗീയ പീഡനത്തിന് ഇരയായത്.
ഇരുമ്പ് കൊണ്ടുള്ള വസ്തുവിൽ തട്ടി കാർ നിർത്തിയപ്പോൾ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമികൾ ചതുപ്പുസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയത്.
"അക്രമികൾ ഏഴെട്ടുപേരുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പുരുഷനന്മാരുടെ കൈയും കാലും കയറുകൊണ്ട് കെട്ടിയിട്ട് അവർ അടിച്ചുകൊണ്ടേയിരുന്നു. വെള്ളം ചോദിച്ചപ്പോൾ പോലും മർദ്ദിക്കുകയാണുണ്ടായത്. ഒന്നനങ്ങാൻ പോലും സമ്മതിച്ചില്ല. തന്‍റെ മകളേയും ഭാര്യയേയും സോഹോദരിയേയും വയലിന്‍റെ മറ്റൊരു ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടു.
ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് അവർ തിരിച്ചുപോയത്. തങ്ങളെ അടിക്കാനായി വീണ്ടും വരാതിരുന്നപ്പോഴാണ് അവർ പോയി എന്ന് മനസ്സിലായത്. എന്‍റെ മകളോടും ഭാര്യയോടും അവർ ചെയ്തതെന്തെന്ന് വിവരിക്കാനുള്ള ശക്തി തനിക്കില്ല" തൊണ്ടയിടറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
എന്‍റെ മകൾക്ക് കരാട്ടെയറിയാം. പക്ഷെ തോക്കിന്‍റെ മുന്നിൽ കരാട്ടെക്ക് എന്ത് വിലയാണുള്ളത്?
പൊലീസ് ഔട്ട്പോസ്റ്റിന് 100 മീറ്റർ അകലെയാണ് സംഭവം നടന്നത്. സഹായത്തിന് വേണ്ടി ഞങ്ങൾ അലറി വിളിച്ചെങ്കിലും ആരും വന്നില്ല. 15 മിനിറ്റ് നേരം 100ലേക്ക് ഞങ്ങൾ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. മറുപടിയുണ്ടായില്ല. അവസാനം എന്‍റെ സുഹൃത്തിനെ വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ വിവരമറിയിച്ചത്"
അക്രമത്തിനിരയായ കുടുംബം ഇപ്പോഴും നോയിഡയിലുള്ള സ്വന്തംവീട്ടിലേക്ക് ഇതുവരെ തിരിച്ച് പോയിട്ടില്ല.
"18 വർഷമായി പ്രദേശത്ത് താമസിക്കുന്ന ഞങ്ങളെ എല്ലാവർക്കും അറിയാം. ഞങ്ങൾക്ക് നേരിട്ട ദുരന്തവും അറിയാം. ഇനി അയൽക്കാരെയും സുഹൃത്തക്കളെയും എങ്ങനെ അഭിമുഖീകരിക്കും? ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇപ്പോൾ അവിടെ നിന്ന് പോകാൻ അദ്ദേഹവും ആവശ്യപ്പെടുന്നു. എങ്ങോട്ട് പോകണമെന്ന് അറിഞ്ഞുകൂടാ.." അക്രമത്തിനിരയായ ടാക്സി ഡ്രൈവർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ബുലന്ദ്ശഹറില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബാംഗങ്ങളെ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും പിടിച്ചിറക്കി കൊള്ളസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. അക്രമികളായ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്.
സംഭവത്തിൽ നാല് പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അക്രമികളെ 24 മണിക്കൂറിനകം പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പിലുള്ളതെന്നും ഭരിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവെക്കണമെന്നും ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.