മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
text_fieldsന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്‍റിന്‍െറ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചു പാസാക്കാനാണ് ലക്ഷ്യം.
വാഹനാപകട മരണങ്ങള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്താണ് നിയമവ്യവസ്ഥകള്‍ കര്‍ക്കശമാക്കി കുറ്റക്കാര്‍ക്ക് കൂടുതല്‍ ശിക്ഷ ഉറപ്പു വരുത്താനുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. വാഹനം തട്ടി പരിക്കേറ്റാല്‍ നഷ്ടപരിഹാരം 25,000ത്തില്‍നിന്ന് രണ്ടുലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മരണമുണ്ടായാല്‍ ആശ്രിതര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം 10 ലക്ഷമാക്കി ഉയര്‍ത്തി.
മദ്യപിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്താല്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. മദ്യപിച്ചു വാഹനമോടിച്ചു പിടിച്ചാല്‍ 10,000 രൂപ വരെ പിഴ നല്‍കണം. അമിതവേഗത്തിന് 4000 വരെയാണ് പിഴ. പ്രായപൂര്‍ത്തിയത്തൊത്തവര്‍ വണ്ടിയോടിച്ചാല്‍ രക്ഷിതാവോ വാഹന ഉടമയോ കുറ്റക്കാരനാവും. വാഹന രജിസ്ട്രേഷന്‍ റദ്ദാക്കും. ഇന്‍ഷുറന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ 2000 രൂപ പിഴ നല്‍കണം; മൂന്നു മാസം വരെ തടവുശിക്ഷയും ലഭിക്കാം. ഇരുചക്ര വാഹനങ്ങളിലെ ഹെല്‍മറ്റില്ലാ യാത്രക്ക് 2000 രൂപ വരെ പിഴ; മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
ഇന്ത്യന്‍ റോഡുകളില്‍ പ്രതിദിനം 400ലേറെ മരണങ്ങളുണ്ടാവുന്നുവെന്നാണ് കണക്ക്. ഒരുവര്‍ഷം അഞ്ചുലക്ഷത്തിലേറെ റോഡപകടങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ ഒന്നരലക്ഷത്തിലേറെ ആളുകള്‍ മരിക്കുകയും മൂന്നുലക്ഷം പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യുന്നുവെന്നാണ് ശരാശരി കണക്ക്.
സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് നിയമഭേദഗതി രൂപപ്പെടുത്തിയതെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.