കെജ്രിവാളിന് തിരിച്ചടി: ഡൽഹിയുടെ ഭരണത്തലവൻ ഗവർണർ തന്നെയെന്ന് ഹൈകോടതി
text_fieldsന്യൂഡല്‍ഹി: 1991ലെ ഭരണഘടനാ ഭേദഗതിക്കുശേഷവും തലസ്ഥാന നഗരം ഉള്‍പ്പെടുന്ന ഡല്‍ഹി കേന്ദ്രഭരണ പ്രദേശമാണെന്നും ലഫ്റ്റനന്‍റ് ഗവര്‍ണറാണ് ഭരണത്തലവനെന്നും ഡല്‍ഹി ഹൈകോടതി വിധിച്ചു. ഭരണാധിപന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറായതിനാല്‍ ഡല്‍ഹി മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ളെന്നും ജസ്റ്റിസ് ജി. രോഹിണി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയടക്കമടങ്ങുന്ന ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരായ അന്വേഷണമുള്‍പ്പെടെ ഡല്‍ഹി സര്‍ക്കാറിന്‍െറ പ്രധാന തീരുമാനങ്ങള്‍ നിയമവിരുദ്ധമാണെന്നും ഹൈകോടതി കൂട്ടിച്ചേര്‍ത്തു. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.
ലഫ്. ഗവര്‍ണറുടെ അധികാരം ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈകോടതി വിധി. ഡല്‍ഹിയുടെ ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനായി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ഇടപെടുന്നുവെന്ന പരാതികള്‍ക്കിടയിലായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ ഹരജികള്‍. ഡല്‍ഹി സര്‍ക്കാറിന്‍െറയും ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന്‍െറയും അധികാരങ്ങളെയും വിവിധ തീരുമാനങ്ങളെയും ചോദ്യം ചെയ്തുള്ള 11 ഹരജികളാണ് ഹൈകോടതി പരിഗണിച്ചത്.
1991ലെ ദേശീയ തലസ്ഥാന പ്രദേശ സര്‍ക്കാര്‍ നിയമത്തിലെ വ്യവസ്ഥകളും 1993ലെ ഡല്‍ഹി എന്‍.സി.ടി ഗവ. ചട്ടങ്ങളും ഭരണഘടനയുടെ 239 എ (എ) അനുച്ഛേദങ്ങളും പരിശോധിച്ചാല്‍ പുതിയ നിയമനിര്‍മാണത്തിനുശേഷവും ഡല്‍ഹി കേന്ദ്ര ഭരണപ്രദേശമാണെന്ന് വ്യക്തമാകുന്നുണ്ടെന്ന് ഹൈകോടതി വിധിയില്‍ പറഞ്ഞു. 1991ലെ ഭേദഗതിയിലൂടെ ഭരണഘടനയുടെ 239 എ (എ) അനുച്ഛേദം കൂട്ടിച്ചേര്‍ത്തുവെങ്കിലും അത് 239ാം അനുച്ഛേദത്തില്‍ വെള്ളം ചേര്‍ക്കുന്നില്ളെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 239 എ (എ) അനുച്ഛേദം കൂട്ടിച്ചേര്‍ത്തതിലൂടെ ഡല്‍ഹി മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്‍െറ വാദം ഹൈകോടതി തള്ളി. മറിച്ച് ഡല്‍ഹി മന്ത്രിസഭയുടെ ഓരോ തീരുമാനവും ലഫ്. ഗവര്‍ണറെ അറിയിക്കുകയാണ് വേണ്ടത്.
തലസ്ഥാന നഗരമെന്നതിനാല്‍ കേന്ദ്രഭരണ പ്രദേശമെന്ന വ്യവസ്ഥയില്‍തന്നെ തുടരും. ഡല്‍ഹി കേന്ദ്രഭരണ പ്രദേശമായി തുടരുന്നതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകളുടെ ഉപദേശവും നിര്‍ദേശവും അംഗീകരിക്കണമെന്ന ഭരണഘടനാ വ്യവസ്ഥ ലഫ്. ഗവര്‍ണര്‍ പാലിക്കേണ്ടതില്ല. പൊലീസ്, പൊതുഭരണം, ഭൂമി എന്നിവ സംബന്ധിച്ച വകുപ്പുകളില്‍ പരമാധികാരം ലഫ്. ഗവര്‍ണര്‍ക്കു മാത്രമാണെന്ന് വ്യക്തമാക്കിയ ഹൈകോടതി, ബാക്കിയുള്ള വകുപ്പുകളിലെ നിയമപരമായ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അനുമതി തേടണമെന്നും നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.