മന്ത്രി ജലീലിന്‍റെ സൗദി യാത്ര: വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി മന്ത്രി കെ.ടി ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണ്. നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ തടസമില്ല, എന്നാല്‍, അപേക്ഷ നല്‍കിയത് അനവസരത്തിലാണെന്ന് വികാസ് സ്വരൂപ് വ്യക്തമാക്കി.
വിദേശ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍ സമയക്രമം പാലിക്കേണ്ടതുണ്ട്. നിലവില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് സൗദിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ വേണ്ടത് ചെയ്യുമെന്ന് സൗദി ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും അവിടെ തുടരാന്‍ താൽപര്യമുള്ളവരുടെയും പട്ടിക ഇതിനോടകം സൗദി ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും വികാസ് സ്വരൂപ് അറിയിച്ചു.
സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ മുന്നൂറോളം മലയാളികള്‍ കുടുങ്ങിക്കിടന്ന പശ്ചാത്തലത്തിലാണ് മന്ത്രി കെ.ടി ജലീലിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ അയക്കാന്‍ കേരളാ സർക്കാർ തീരുമാനിച്ചത്. മന്ത്രിതല സംഘത്തെ സൗദിയിലേക്ക് അയക്കാന്‍ തീരുമാനിച്ച ഉടന്‍തന്നെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍, ക്ലിയറന്‍സ് നല്‍കാനാകില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.