വിജയ് രൂപാനി: മുഖ്യമന്ത്രിപദത്തിലേക്ക് അപ്രതീക്ഷിത കടന്നുവരവ്
text_fieldsഅഹ്മദാബാദ്: ഗുജറാത്തിന്‍െറ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാനിയെ തെരഞ്ഞെടുത്ത ബി.ജെ.പി നേതൃത്വത്തിന്‍െറ തീരുമാനം രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചതായിരുന്നില്ല. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാര്‍ട്ടിയുടെ ഏറ്റവും വലിയ വോട്ടുബാങ്കായ പട്ടേല്‍ സമുദായത്തില്‍നിന്നുതന്നെയുള്ള ഒരാളെയാണ് അവര്‍ പ്രതീക്ഷിച്ചത്. സമുദായ നേതാവും പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനുമായ നിതിന്‍ പട്ടേലായിരുന്നു സര്‍വരുടെയും മനസ്സില്‍.
ഗുജറാത്ത് രാഷ്ട്രീയത്തിന്‍െറ ജാതി സമവാക്യങ്ങള്‍ക്കകത്തുനിന്നുള്ള നിരീക്ഷണത്തില്‍ അത്തരമൊരു സാധ്യതയിലേക്കുതന്നെയായിരുന്നു വിരല്‍ചൂണ്ടിയിരുന്നത്. സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനവും പട്ടേല്‍ സമുദായക്കാരാണ്. 123 ബി.ജെ.പി എം.എല്‍.എമാരില്‍ 33 പേരും ഈ സമുദായത്തില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തെ ബി.ജെ.പിയുടെ 26 പാര്‍ലമെന്‍റംഗങ്ങളില്‍ ഇവരുടെ പ്രാതിനിധ്യം നാലാണ്. 1995 മുതല്‍ ഭരണത്തിലുള്ള ബി.ജെ.പിയെ യഥാര്‍ഥത്തില്‍ താങ്ങി നിര്‍ത്തുന്നത് പട്ടേല്‍ സമുദായമാണെന്നു പറയേണ്ടിവരും. മാത്രമല്ല, ഇപ്പോള്‍ പട്ടേല്‍ സമുദായം കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി സമരം ചെയ്യുന്ന സാഹചര്യത്തില്‍ അവരെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി ഒരു പട്ടീദാര്‍ വിഭാഗക്കാരനെ തന്നെ രംഗത്തിറക്കി തന്ത്രം മെനയുമെന്നാണ് കരുതിയത്. ഈ വിലയിരുത്തലുകളെല്ലാം തെറ്റിച്ചാണ് രൂപാനി എന്ന ജൈന വിഭാഗക്കാരന്‍ മുഖ്യമന്ത്രിസ്ഥാനത്തത്തെിയത്.
ജാതി സമവാക്യങ്ങള്‍ക്കുമപ്പുറമുള്ള തന്ത്രമാണ് ഇവിടെ പാര്‍ട്ടി പുറത്തെടുത്തിരിക്കുന്നതെന്ന് വ്യക്തം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ആര്‍.എസ്.എസിന് ഏറ്റവും സ്വീകാര്യനായിരുന്നു വിജയ് രൂപാനി. ഒപ്പം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അടുപ്പക്കാരനും. 2011ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്ത് ജൈന വിഭാഗക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെയാണ്. അമിത് ഷായും ഈ സമുദായക്കാരനാണ്. പട്ടേല്‍ സമരത്തെയും ദലിത് പ്രക്ഷോഭത്തെയും ഒരുപോലെ അതിജയിക്കാന്‍ പാര്‍ട്ടിക്ക് ‘നിഷ്പക്ഷ’ സമുദായക്കാരനായ ഒരാളെ തെരഞ്ഞെടുത്തുവെന്നാണ് രൂപാനിയുടെ നാമനിര്‍ദേശം സംബന്ധിച്ച് ദേശീയമാധ്യമങ്ങളുടെ വിലയിരുത്തല്‍.
1956 ആഗസ്റ്റ് രണ്ടിന് ജനിച്ച വിജയ് രൂപാനി എല്‍.എല്‍.ബി ബിരുദധാരിയാണ്. മുന്‍ രാജ്യസഭാംഗമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംസ്ഥാന ധനകാര്യ ബോര്‍ഡ് ചെയര്‍മാനായിരുന്നു. 2014ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് രാജ്കോട്ടില്‍നിന്ന് നിയമസഭയിലത്തെുന്നതും തുടര്‍ന്ന് ആനന്ദിബെന്‍ മന്ത്രിസഭയില്‍ അംഗമാകുന്നതും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.