ജി.എസ്.ടി ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമായ ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി)ക്ക് വഴിയൊരുക്കുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്‍റ് കടന്നു. നേരത്തേ രാജ്യസഭ പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയും പാസാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പങ്കെടുത്ത ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഭരണപ്രതിപക്ഷ ഭേദമന്യേ എ.ഐ.എ.ഡി.എം.കെ ഒഴികെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ചരിത്ര ബില്‍ പാസാക്കിയത്. ജി.എസ്.ടി, സംസ്ഥാനങ്ങളുടെ സാമ്പത്തിക പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്തിയ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി.
സഭയില്‍ ഹാജരായിരുന്ന 443 പേരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്‍.കെ പ്രേമചന്ദ്രന്‍, ബി.ജെ.ഡിയിലെ ഭര്‍തൃഹരി മെഹ്താബ് എന്നിവര്‍ മുന്നോട്ടുവെച്ച ഭോദഗതികള്‍ ലോക്സഭ വോട്ടിനിട്ട് തള്ളി. നേരത്തേ ലോക്സഭ പാസാക്കിയ ബില്ലില്‍ രാജ്യസഭ ഏതാനും ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് ബില്‍ വീണ്ടും ലോക്സഭയില്‍ വന്നത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന നികുതി പിരിവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ആയതിനാല്‍, ജി.എസ്.ടി ഭരണഘടനാ ബില്‍ ഇനി രാജ്യത്തെ മൂഴുവന്‍ നിയമസഭകളിലും അവതരിപ്പിച്ച് പാസാക്കണം. ബില്‍ പ്രാബല്യത്തില്‍ വരാന്‍ ചുരുങ്ങിയത് 16 നിയമസഭകളില്‍ പസാകണം. തമിഴ്നാട് ഒഴികെ, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ബില്ലിന് അനുകൂലമാണ്. ഒരു മാസത്തിനകം 16 നിയമസഭകളില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാറിന്‍െറ ശ്രമം. 2017 ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ബില്‍ നിയമസഭ പാസാക്കുന്നതോടെ ജി.എസ്.ടി ഗവേണിംഗ് കൗണ്‍സില്‍ നിലവില്‍ വരും. ഇപ്പോള്‍ നിലവിലുള്ള വിവിധ കേന്ദ്ര, സംസ്ഥാന നികുതികള്‍ ഒഴിവാക്കി പകരം ഏകീകൃത നികുതി സംവിധാനത്തിന്‍െറ ഘടനയും തോതും നിശ്ചയിക്കാനുള്ള അധികാരം ജി.എസ്.ടി ഗവേണിംഗ് കൗണ്‍സിലിനായിരിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ അധികാരവും വീറ്റോ പവറുമുള്ള ജി.എസ്.ടി ഗവേണിംഗ് കൗണ്‍സിലാണ് നികുതി നിരക്ക് നിശ്ചയിക്കുക. ഇക്കാര്യത്തില്‍ ധാരണയിലത്തെിയ ശേഷം കേന്ദ്ര ജി.എസ്.ടി നിയമം, ഇന്‍റര്‍ സ്റ്റേറ്റ് നികുതി നിയമം എന്നിവ പാര്‍ലമെന്‍റും സംസ്ഥാന ജി.എസ്.ടി നിയമം നിയമസഭകളും പാസാക്കണം. അതിന് ശേഷം മാത്രമായിരിക്കും ജി.എസ്.ടി നിലവില്‍ വരിക.
നികുതി നിരക്ക് സംബന്ധിച്ച് പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാറും തമ്മിലും സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറും തമ്മിലുമുള്ള സമവായം ആയിട്ടില്ല. ലോക്സഭയില്‍ ഇന്നലെ നടന്ന ചര്‍ച്ചകളിലും ഇക്കാര്യം വ്യക്തമായി. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്ന് സംസാരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി എന്നിവര്‍ കൂടിയ നികുതി നിരക്ക് 18 ശതമാനമായി നിശ്ചയിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. സി.പി.എമ്മില്‍ നിന്ന് പി. കരുണാകരനും കുറഞ്ഞ നികുതി നിരക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് ധനമന്ത്രി ഉറപ്പൊന്നും നല്‍കിയില്ല. സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം അംഗീകരിച്ചായിരിക്കും തീരുമാനമെടുക്കുക. ബി.എം ഡബ്ള്യൂ കാറിനും ഹവായ് ചെരുപ്പിനും ഒരേ നിരക്ക് ശരിയല്ളെന്നും ഉല്‍പന്നങ്ങളുടെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത നിരക്കായിരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
ജി.എസ്.ടി ബില്‍ പാസായത് ഇന്ത്യന്‍ ജനാധിപത്യത്തിെൻറ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിൽ പാസായത് ഏതെങ്കിലും കക്ഷിയുടെ വിജയമല്ലെന്നും ഇതിനായി എല്ലാവരും ത്യാഗമനുഭവിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. നികുതി ഏകീകരണത്തിനായാണ് ജി.എസ്.ടി ബിൽ കൊണ്ടുവന്നത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളുടെ വളർച്ചക്ക് ഇതു സഹായകമാകും. ചെറുകിട വ്യവസായികൾക്കും ഉപഭോക്താക്കൾക്കും ഇതുമൂലം നേട്ടമുണ്ടാകും. കള്ളപ്പണം കണ്ടെത്താനും അഴിമതി കുറക്കാനും ഇതു സഹായിക്കുമെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.