ഗുജറാത്തില്‍ 40 ശതമാനം മന്ത്രിമാര്‍ക്കെതിരെയും ക്രിമിനല്‍ കേസ്
text_fieldsന്യൂഡല്‍ഹി: ഗുജറാത്തില്‍ 40 ശതമാനം മന്ത്രിമാര്‍ക്കെതിരെയും ക്രിമിനല്‍ കേസ്. 84 ശതമാനം പേരും കോടിപതികളാണെന്നും മന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിലയിരുത്തി ഗുജറാത്ത് ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകള്‍ വെളിപ്പെടുത്തുന്നു. പുതിയ മുഖ്യമന്ത്രി വിജയ് രൂപാനിയുള്‍പ്പെടെ 25 മന്ത്രിമാരുടെയും സത്യവാങ്മൂലം വിലയിരുത്തിയാണ് റിപ്പോര്‍ട്ട്.
25ല്‍ 10 മന്ത്രിമാര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. അഞ്ചുപേര്‍ക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങി ഗുരുതര കേസുകളാണുള്ളത്. 21 മന്ത്രിമാര്‍ കോടിപതികളാണെന്നും പഠനം വിലയിരുത്തുന്നുണ്ട്. ശരാശരി 7.81 കോടിയുടെ സമ്പാദ്യമാണ് ഇവര്‍ക്കുള്ളത്. സോളങ്കി പര്‍ഷോത്തംഭായ് ഓധവ്ജിഭായിക്കാണ് ഏറ്റവുമധികം സമ്പാദ്യം; 37.61 കോടി.
കകാദിയ വല്ലഭ്ഭായ് ഗോബര്‍ഭായിക്ക് 28 കോടിയും പട്ടേല്‍ രോഹിത്ഭായ് ജഷുഭായിക്ക് 23 കോടിയുമാണ് ആസ്തി. രൂപാനിക്ക് ഏഴ് കോടിയുടെ ആസ്തിയാണുള്ളത്. ഉപമുഖ്യമന്ത്രി നിതിന്‍കുമാര്‍ പട്ടേലിന്‍െറ ആസ്തി ഒമ്പത് കോടി. ഏറ്റവും കുറഞ്ഞ ആസ്തിയുള്ള മന്ത്രി തദ്വി ശബ്ദ്ശരണ്‍ ഭായിലാല്‍ഭായിയാണ്; 23.76 ലക്ഷം. 15 മന്ത്രിമാര്‍ ബിരുദമോ അതിനുമുകളില്‍ യോഗ്യതയുള്ളവരോ ആണ്. 10 പേര്‍ പ്ളസ് ടുവോ അതില്‍ താഴെയോവരെ പഠിച്ചവരാണ്.
ഒമ്പത് പേരുടെ പ്രായം 25നും 50 നും ഇടയിലാണ്. 16 പേരുടെ പ്രായം 51നും 70നും ഇടയിലാണ്. 30കാരനായ രദാദിയ ജയേഷ്ഭായി വിതല്‍ഭായിയാണ് കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. മന്ത്രിസഭയില്‍ ഒറ്റ വനിതയാണുള്ളത്-നിര്‍മലാബെന്‍ വദ്വാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.