'സർക്കാർ അലംഭാവത്തിനെതിരെ ഉത്തരവിറക്കാൻ നിർബന്ധിക്കരുത്'
text_fieldsന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഫയലുകളിൽ അടയിരുന്നുകൊണ്ട് ഇതിനെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ തങ്ങളെ നിർബന്ധിതരാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കുർ അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നൽകി.
ഹൈകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതൽ 75 പേരുകളാണ് നിർദേശിച്ചിട്ടുള്ളത്. ഈ പേരുകളിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് ഫയലുകൾ തിരിച്ചയക്കാവുന്നതാണ്. കൊളീജിയം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. എവിടെയാണ് ഈ ഫയലുകൾ എന്ന് പറയാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. ജഡ്ജിമാരില്ലാതെ കോടതികൾ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും അറ്റോർണി ജനറൽ മുകുൽ റോത്തഗിയോട് താക്കൂർ പറഞ്ഞു.
ഹൈകോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച കാര്യങ്ങളിൽ പോലും ഉത്തരവുകളുണ്ടാകുന്നില്ലെന്നും താക്കൂർ കുറ്റപ്പെടുത്തി. ജഡ്ജിമാരുടെ നിയമനങ്ങൾ ലോ കമീഷന്‍റെ പരിധിയിൽ ഉൾപ്പെടുത്തണോ എന്ന വിഷയത്തിലുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.