ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗകേസ്: അന്വേഷണം സി.ബി.ഐക്ക്
text_fieldsഅലഹബാദ്: ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗകേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. കഴിഞ്ഞദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി.ബി ഭോസ്ലെ, ജസ്റ്റിസ് യശ്വന്ത് വര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് സി.ബി.ഐക്ക് വിടാന്‍ ഉത്തരവിട്ടത്. യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കോടതി സ്വമേധയാ കേസസെടുത്തിരുന്നു.
ജൂലൈ ഒമ്പിതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോയിഡയില്‍നിന്ന് ഷാജഹാന്‍പുരിലേക്ക് സഞ്ചരിക്കുകയായിരുന്ന ആറംഗ കുടുംബത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയും യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ ബുലന്ദ്ശഹറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അര്‍ധരാത്രി കാറില്‍ സഞ്ചരിക്കുയായിരുന്ന സംഘത്തെ റോഡില്‍ തടസമുണ്ടാക്കി നിര്‍ത്തിപ്പിക്കുകയും സംഘത്തിലെ പുരുഷന്‍മാരെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം അമ്മയെയും 14 കാരിയായ മകളെയും വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
അക്രമികള്‍ ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. അക്രമി സംഘത്തില്‍ നിന്ന് മൂന്നുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ബുലന്ദ്ശഹര്‍ കേസിന് സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറുന്നതില്‍ സര്‍ക്കാറിന് സമ്മതമാണോയെന്ന് വ്യക്തമാക്കാനും അന്വേഷണം സംബന്ധിച്ച കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.